കൊവിഡ് പ്രതിസന്ധിക്ക് ശേഷം മലയാള സിനിമാ മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കികൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ഇന്ന് തീയേറ്ററുകളില്‍. കേരളത്തിലും രാജ്യത്തിന് അകത്തും പുറത്തുമായി 1500 കേന്ദ്രങ്ങളിലാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്. കേരളത്തില്‍മാത്രം 450 ലധികം സ്‌ക്രീനുകളില്‍ കുറുപ്പ് പ്രദര്‍ശിപ്പിക്കുന്നു.
രാവിലെ എട്ടിന് ഫാന്‍സ് അംഗങ്ങള്‍ക്കായാണ് ആദ്യ ഷോ. പിന്നാലെ പതിവ് ഷോകളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മലയാള സിനിമ വ്യവസായത്തിന് ഉണര്‍വ് പകരുന്നതാണ് കുറുപ്പിന്റെ റിലീസ്. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം തുടക്കം മുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മലയാളത്തില്‍ ഒടിടി തിയേറ്റര്‍ റിലീസ് എന്നിവയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളും വിവാദങ്ങളും പൊടിപൊടിക്കെ തിയേറ്റര്‍ റീലിസ് പ്രഖ്യാപിച്ച കുറുപ്പിന്റെ അണിയറ പ്രവര്‍ത്തകരുടെ നിലപാടും വലിയ ശ്രദ്ധ നേടിയിരുന്നു.
മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും കുറുപ്പ് പ്രേക്ഷകരിലേക്കെത്തും. പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്കുള്ള പ്രയാണം തുടരുന്ന ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് കുറുപ്പ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോള്‍ വിജയം കുറിച്ചിരിക്കുകയാണ്.
്.മലയാള സിനിമാ ചരിത്രതാളുകളില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കുവാന്‍ എത്തുന്ന ചിത്രത്തിനായി വേറിട്ട രീതിയിലാണ് കുറുപ്പ് അണിയറപ്രവര്‍ത്തകര്‍ പ്രൊമോഷന്‍ വര്‍ക്കുകള്‍ നടത്തുന്നത്. മലയാള സിനിമക്ക് തന്നെ അഭിമാനമായി കുറുപ്പിന്റെ ട്രെയ്‌ലര്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ഇന്നലെ രാത്രി പ്രദര്‍ശിപ്പിച്ചു. ഇങ്ങനെ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ മലയാളചലച്ചിത്രമാണ് കുറുപ്പ്. മികച്ചൊരു തീയറ്റര്‍ അനുഭവം ഉറപ്പ് നല്കിയെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം ഇതിനകം പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി തീര്‍ന്നിട്ടുണ്ട്.
ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗല്‍ര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.