തൃശൂര്‍: കുതിരാനില്‍ തുരങ്കപാതയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രിമാരടങ്ങുന്ന പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കും. ജൂലൈ രണ്ടിന് സന്ദര്‍ശനം നടത്താനാണ് തീരുമാനം. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, അഡ്വ കെ രാജന്‍, ഡോ ആര്‍ ബിന്ദു, പി എ മുഹമ്മദ് റിയാസ്, ജില്ലാ കലക്ടര്‍ എസ് ഷാനവാസ് എന്നിവരോടൊപ്പം വനം വകുപ്പ്, ദേശീയ പാത, പി ഡബ്ലു ഡി അധികൃതരും സംഘത്തിലുണ്ടാകും. തുരങ്ക നിര്‍മ്മാണത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കുതിരാന്‍ തുരങ്കപാതയില്‍ ഓഗസ്റ്റ് ഒന്നിന് ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണം വേഗത്തിലാണ് പുരോഗമിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് മുമ്പ് എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ യോഗത്തില്‍ സ്വീകരിച്ചു. മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചെറിയ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ തീര്‍ത്തു കൊണ്ടിരിക്കുകയാണ്. അപകട സാധ്യതയുള്ള ഇടങ്ങളില്‍ വേഗത്തില്‍ പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളിലെ മണ്ണ് നീക്കം ചെയ്തു. അപകടരമായി നില്‍ക്കുന്ന പാറകള്‍ നീക്കം ചെയ്യാനുള്ള നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കും. എല്ലാ ആഴ്ചയും നിര്‍മാണ സ്ഥലം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.