കുറ്റാലം റസ്റ്റ് ഹൗസ് കൈവശപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നിയമ പോരാട്ടം തുടരും: ജി സുധാകരന്‍

G sudhakaran

തിരുവന്തപുരം : കേരള സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം റസ്റ്റ് ഹൗസ് വ്യാജരേഖകള്‍ ഉപയോഗിച്ച് കൈവശപ്പെടുത്താനുള്ള ചിലരുടെ ഗൂഢശ്രമത്തിനെതിരെ നിയമപോരാട്ടം തുടരുമെന്ന് മന്ത്രി ജി സുധാകരന്‍. ഗൂഢാലോചനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അഴിമതി കണ്ടെത്തിയതിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട കെയര്‍ടേക്കര്‍ പ്രഭു ദാമോദരനും സംഘവും ഗൂഢാലോചന നടത്തി റസ്റ്റ് ഹൗസിന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഈ കള്ളക്കളിക്കെതിരെ ഗൗരവമായി ഇടപെട്ടത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 56 ഏക്കര്‍ വരുന്ന കുറ്റാലം റസ്റ്റ് ഹൗസ് കോമ്പൗണ്ടിലെ കായ്ഫലമുള്ള മരങ്ങളിലെ കായ്ഫലങ്ങള്‍ പറിച്ചെടുക്കുന്നതിന്റെ ലേലവും, പാട്ടകൃഷി ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമോ രേഖകളോ പരിഗണിക്കാതെ എക്‌സ്പാര്‍ട്ടി വിധി നടത്തിയെന്നാണ് അറിഞ്ഞത്.

എക്‌സ് പാര്‍ട്ടി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം വിശദീകരിച്ചുകൊണ്ടുള്ള സത്യവാങ്മൂലം ജനുവരി 30 ന് സമര്‍പ്പിക്കുന്നതുമാണ്. സുപ്രീംകോടതി വരെ പോയാലും കേരളത്തിന്റെ സ്വത്ത് അന്യാധീനപ്പെട്ടു പോകാന്‍ സമ്മതിക്കില്ലെന്നും മന്ത്രി അറിയിച്ചു.

Top