കുട്ടനാട് കിട്ടിയില്ലെങ്കില്‍ പി.ജെ ജോസഫ് കളം മാറും!പിണറായിയുടെ രണ്ടാമൂഴത്തിന് കരു നീക്കമോ?

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവു വരുന്ന കുട്ടനാട് മണ്ഡലം ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ പി.ജെ ജോസഫിന്റെ കരുനീക്കം. വികസനത്തില്‍ രാഷ്ട്രീയം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പി.ജെ ജോസഫും ഒരേ വേദിയില്‍ നിലപാട് പങ്കുവെച്ചത് മുന്നണി മാറ്റത്തിന്റെ സൂചനയാണോ എന്ന ആശങ്കയില്‍ കോണ്‍ഗ്രസ് നേതൃത്വം.

ജോസഫിന്റെ നേതൃത്വത്തിലുള്ള ഗാന്ധി സ്റ്റഡി സര്‍ക്കിളിന്റെ തൊടുപുഴയിലെ കാര്‍ഷിക മേളയിലാണ് നാടിന്റെ വികസനത്തില്‍ എല്ലാവരും രാഷ്ട്രീയം മാറ്റിവെക്കണമെന്ന് പി.ജെ ജോസഫ് പറഞ്ഞത്. ഇതിനെ ശരിവെച്ച് വികസനത്തില്‍ രാഷ്ട്രീയം വേണ്ടെന്നത് നാടിന്റെ ആപ്തവാക്യമാകണമെന്നും പിണറായി വിശദീകരിച്ചു.

ഇടതുമുന്നണിക്കൊപ്പമുണ്ടായിരുന്ന പി.ജെ ജോസഫ് 2010ലാണ് ഇടതുമുന്നണി വിട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ച് യു.ഡി.എഫ് പാളയത്തിലേക്ക് ചേക്കേറിയത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനവും നേടിയ ജോസഫ്, കെ.എം മാണിയോട് ഇടഞ്ഞിട്ടും ഇടതുമുന്നണിയിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നില്ല.

ബാര്‍കോഴക്കേസ് ആരോപണത്തില്‍ യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ചെറുത്തുതോല്‍പ്പിച്ചത് പി.ജെ ജോസഫായിരുന്നു. ഇടതുമുന്നണിക്കൊപ്പം പോയാല്‍ പാര്‍ട്ടി പിളര്‍ത്തി യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന ജോസഫിന്റെ ഭീഷണിയോടെയാണ് മാണിയുടെ എല്‍.ഡി.എഫ് പ്രവേശനം അടഞ്ഞ അധ്യായമായത്. പിന്നീട് കേരള കോണ്‍ഗ്രസിനെ യു.ഡി.എഫ് പാളയത്തിലെത്തിക്കുന്നതിലും ജോസഫിന്റെ നീക്കങ്ങള്‍ നിര്‍ണായകമായിരുന്നു.

കെ.എം മാണിയുടെ നിര്യാണത്തോടെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സ്ഥാനത്തെചൊല്ലി ജോസ് കെ. മാണിയുമായുള്ള തര്‍ക്കമാണ് വീണ്ടും കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാക്കിയത്. നിലവില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സ്ഥാനവും രണ്ടില ചിഹ്നവും പി.ജെ ജോസഫിനാണ്.

കേരള കോണ്‍ഗ്രസിന്റെ അഞ്ച് എം.എല്‍.എമാരില്‍ മൂന്നു പേരും ജോസഫിനൊപ്പമുണ്ട്. ജോസഫിനെക്കൂടാതെ സി.എഫ് തോമസും മോന്‍സ് ജോസഫുമാണ് കേരള കോണ്‍ഗ്രസ് എമ്മിലുള്ളത്. ജോസ് കെ മാണിക്കൊപ്പം റോഷി അഗസ്റ്റിനും ഡോ. ജയരാജും മാത്രമാണുള്ളത്.

കെ.എം മാണിയുടെ നിര്യാണത്തോടെ പാലായില്‍ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയുടെ സ്ഥാനാര്‍ത്ഥി ടോം ജോസ് പരാജയപ്പെട്ടതോടെ കേരള കോണ്‍ഗ്രസില്‍ ജോസഫാണ് കരുത്ത് നേടിയത്. മാണിക്കൊപ്പമുണ്ടായിരുന്ന ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസും തോമസ് ഉണ്ണിയാടന്‍ അടക്കമുള്ളവരും ഇപ്പോള്‍ ജോസഫിനൊപ്പമാണ്.

തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവു വന്ന കുട്ടനാട്ടില്‍ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസിലെ ജേക്കബ് എബ്രഹാമായിരുന്നു മത്സരിച്ചിരുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആലപ്പുഴ ജില്ലാ പ്രസിഡന്റായ ജേക്കബ് എബ്രഹാമിന് തന്നെ സീറ്റ് നല്‍കണമെന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. ജേക്കബ് എബ്രഹാമിനെ അംഗീകരിക്കില്ലെന്ന് ജോസ് കെ മാണി പക്ഷം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് തമ്മിലടിച്ചപ്പോള്‍ 54 വര്‍ഷത്തെ കെ.എം മാണിയുടെ കുത്തക തകര്‍ത്ത് പാലായില്‍ മാണി സി കാപ്പന്‍ 2943 വോട്ടുകള്‍ക്ക് അട്ടിമറി വിജയം നേടിയിരുന്നു. ജോസ് കെ. മാണി വിഭാഗത്തിന്റെ ജോസ് ടോമിനെതിരെ ഇവിടെ ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു. ജോസഫിനെയും ജോസ് കെ മാണിയെയും ഒരുമിപ്പിച്ചു കൊണ്ടുപോകാനുള്ള കോണ്‍ഗ്രസ് നീക്കം വിജയം കാണാത്തതാണ് പാലായിലെ പരാജയത്തിനും കാരണമായത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ നേടിയ അട്ടിമറി വിജയത്തിനു ശേഷം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നിയും വട്ടിയൂര്‍ക്കാവും കൈവിട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. ഇതിനു മറുപടി നല്‍കാന്‍ കുട്ടനാട് പിടിച്ചെടുക്കണമെന്ന വികാരമാണ് കോണ്‍ഗ്രസിനുള്ളത്. തോമസ് ചാണ്ടിയുടെ വ്യക്തിബന്ധങ്ങളാണ് കുട്ടനാട്ടില്‍ ഇടതുപക്ഷത്തിന് വിജയം സമ്മാനിച്ചിരുന്നത്.

സര്‍ക്കാരിനെതിരെയുള്ള ജനവികാരം വോട്ടായാല്‍ കുട്ടനാട് പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ കുട്ടനാട് സീറ്റില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന കടുത്ത നിലപാടിലാണ് പി.ജെ ജോസഫ്.

കുട്ടനാട് കോണ്‍ഗ്രസ് ഏറ്റെടുക്കകയോ ജോസ് മാണി വിഭാഗത്തിന് കൈമാറുകയോ ചെയ്താന്‍ യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറാന്‍ തന്നെയാണ് പി.ജെ ജോസഫിന്റെ നീക്കം.

മുന്നണി മാറിവന്നാല്‍ കുട്ടനാട്ടില്‍ പി.ജെ ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കാന്‍ സി.പി.എമ്മിനു പ്രയാസമുണ്ടാകില്ല. കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുത്താല്‍ പ്രതികരിക്കാന്‍പോലും എന്‍.സി.പിക്ക് കഴിയില്ല. തമ്മിലടികാരണം സംസ്ഥാന പ്രസിഡന്റിനെപ്പോലും തെരഞ്ഞെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് എന്‍.സി.പി. ശശീന്ദ്രനെ മാറ്റി മന്ത്രിയാകാനുള്ള നീക്കമാണ് മാണി സി കാപ്പന്‍ നടത്തുന്നത്.

കുട്ടനാട് സീറ്റില്‍ ദേശീയ ജനറല്‍ സെക്രട്ടറി എന്‍. പീതാബംരന്‍ മാസ്റ്ററെ മത്സരിപ്പിക്കാനാണ് ഒരു പക്ഷത്തിന്റെ നീക്കമെങ്കിലും അതിന് മാണി സി കാപ്പന്‍ പക്ഷവും ശശീന്ദ്രന്‍ പക്ഷവും പാരവെക്കുമെന്ന് ഉറപ്പാണ്. പീതാംബരന്‍ മാസ്റ്റര്‍ എം.എല്‍.എയായാല്‍ മന്ത്രി സ്ഥാനം ഉറപ്പാകുമെന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നില്‍. എന്‍.സി.പിയുടെ സീറ്റ് പി.ജെ ജോസഫിന് കൈമാറിയാലും എന്‍.സി.പിയില്‍ നിന്നും കാര്യമായ എതിര്‍പ്പുയരില്ല. പി.ജെ ജോസഫ് ഒപ്പമെത്തിയാല്‍ കത്തോലിക്കാ സഭയുടെ പിന്തുണകൂടിയാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായിക്ക് രണ്ടാമൂഴം ഉറപ്പിക്കാന്‍ ജോസഫ് ഗ്രൂപ്പിന്റെ മടങ്ങിവരവും കരുത്ത് പകരും.

അതേസമയം പി.ജെ ജോസഫിനെ പിണക്കാതിരിക്കാനുള്ള നീക്കവും കോണ്‍ഗ്രസില്‍ സജീവമാണ്. വേണ്ടി വന്നാല്‍ കുട്ടനാട് പി.ജെ. ജോസഫിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കും. അങ്ങിനെയെങ്കില്‍ ഇടയുന്ന ജോസ് കെ മാണിയെ മെരുക്കലാവും കോണ്‍ഗ്രസിന്റെ തലവേദന. ഇടതുമുന്നണിവിട്ട് യു.ഡി.എഫിലെത്തിയ എം.പി വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍ ഇടതുമുന്നണിയിലേക്കുള്ള മടക്കവും നേരത്തെ യു.ഡി.എഫിന് തിരിച്ചടിയായിരുന്നു.

യു.ഡി.എഫില്‍ നിന്നും ലഭിച്ച രാജ്യസഭാ സീറ്റ് രാജിവെച്ച വീരേന്ദ്രകുമാറിന് ഇടതുപക്ഷം രാജ്യസഭാ സീറ്റ് നല്‍കുകയും ചെയ്തു. ഇപ്പോള്‍ ഇടതുമുന്നണിയില്‍ വീരേന്ദ്രകുമാറിന്റെ ജനതാദളും മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ജനതാദള്‍ സെക്യുലറും തമ്മില്‍ ലയന ചര്‍ച്ചകള്‍ നടക്കുകയാണ്. കൊല്ലം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടതുമുന്നണി വിട്ട് യു.ഡി.എഫിലെത്തിയ ആര്‍.എസ്.പി മാത്രമാണ് യു.ഡി.എഫില്‍ ഉറച്ച് നില്‍ക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം നടത്തുന്ന മുസ്ലിം ലീഗ് പോലും പിണറായി അനുകൂല നിടപാടാണിപ്പോള്‍ സ്വീകരിക്കുന്നത്. പൗരത്വ പ്രക്ഷോഭത്തില്‍ മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്തുണ പിണറായിക്ക് ലഭിക്കുന്നതാണ് ലീഗിന്റെ നിലപാട് മാറ്റത്തിന് കാരണം. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണയുള്ള പി.ജെ ജോസഫും മുന്നണിയെ കൈവിട്ടാല്‍ യു.ഡി.എഫിന്റെ നില പരിതാപകരമാവും. പിണറായി വിജയനാകട്ടെ മുഖ്യമന്ത്രി പദത്തില്‍ രണ്ടാമൂഴം ഉറപ്പിക്കാനുമാവും.

Top