തിരുവനന്തപുരം: കുട്ടനാട് പാക്കേജ് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നതായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്.
മാര്‍ച്ച് 31 ന് ഉള്ളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം ഉണ്ട്. പുതിയ പദ്ധതികള്‍ക്ക് അനുമതി നല്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായും മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. പദ്ധതി വേണ്ടരീതിയില്‍ പ്രയോജനം ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി തകര്‍ച്ചയും കൃഷിനാശവും അടിക്കടി നേരിടുന്ന കുട്ടനാടിനെ വീണ്ടെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ആരംഭിച്ച പദ്ധതി ഫലം കാണാതെ വന്നതോടെയാണ് പാക്കേജിലെ പുതിയ പദ്ധതികള്‍ക്ക് അനുമതി നല്‌കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലായി 15 വിപുലമായ പദ്ധതികളും അവയ്ക്കുകീഴില്‍ 59 ഉപപദ്ധതികളുമാണ് പ്രധാനമായും പദ്ധതി വിഭാവനം ചെയ്തിരുന്നത്. 4000 കോടിരൂപ അടങ്കലുണ്ടായിരുന്നു പാക്കേജിന്. അംഗീകാരം കിട്ടിയത് 1270.27 കോടിരൂപയുടെ പദ്ധതികള്‍ക്കു മാത്രമാണ് എന്നാല്‍ ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വലിയ വീഴ്ച വരുത്തിയെന്നാണ് സംസ്ഥാന സര്‍ക്കാരും പറയുന്നത്.
നിലവില്‍ കോടികള്‍ മുടക്കിയിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനം ലഭിക്കാത്ത സാഹചര്യത്തില്‍ മാര്‍ച്ച് 31ന് അകം പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.