കുട്ടനാട് : കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വിപുലമായ ദുരന്തത്തിലൂടെയാണ് നാം കടന്നുപോവുന്നത്. വെള്ളമിറങ്ങിതുടങ്ങിയ ജില്ലകളിലുടനീളം ദുരന്തനിവാരണ പ്രക്രിയകളും അതിജീവനങ്ങളുമാണ്.
എന്നാല്‍ ഒന്നരമാസമായിട്ടും പ്രളയജലമിറങ്ങാതെ ദുരിതക്കയത്തില്‍ മുങ്ങുകയാണ് കുട്ടനാട്. കൈനകരിയടക്കമുള്ള ഭൂരിഭാഗം പ്രദേശത്തും വെള്ളക്കെട്ട് തുടരുകയാണ്. വെള്ളമിറങ്ങാത്തതിനാല്‍ മഹാശുചീകരണയജ്ഞവും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് മിക്ക കുടുംബങ്ങളും വീടുകളിലേക്ക് വന്നെങ്കിലും അവിടേയും കഴുത്തറ്റം വെള്ളമാണ്. വീടുകള്‍ പലതും നിലംപൊത്താറായ അവസ്ഥയിലുമാണ്. മിക്കവയും വാസയോഗ്യമല്ല. പാടങ്ങളും വെള്ളത്തിനടിയിലായി. വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ശ്രമവും ഫലം കണ്ടില്ല.
പ്രളയത്തിന് പിന്നാലെ കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമവും രൂക്ഷമാകുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് മലിനജലം കുടിക്കേണ്ട ഗതികേടിലാണെന്നും കുടിവെള്ളം എത്തിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.