കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്ത് ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.
കൊല്ലപ്പെട്ട സബിതയുടെ അയല്‍വാസിയായ ഒഡീഷ സ്വദേശി ഭോലക് പത്രയും തമിഴ്‌നാട് സ്വദേശി വിശ്വനാഥനുമാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തില്‍ വെട്ടേറ്റതും അല്ലാതെയുമായി 58 മുറിവുകള്‍ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു.
ഒഡീഷ സ്വദേശി കുന്തന്‍ മാജിയുടെ ഭാര്യ സബിതാ ബാജിയെയാണു (30) ഞായറാഴ്ച കൊലപ്പെടുത്തി തോട്ടത്തിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചത്.
കുന്തന്‍മാജി തോട്ടത്തിനുപുറത്ത് കാപ്പിക്കുരു പറിക്കുന്ന ജോലിക്കു പോയിരിക്കുകയായിരുന്നു അന്ന്.
സബിതാബാജി വിറകുശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണമുണ്ടായതെന്നാണു സൂചന. ഇവരെ നൂറുമീറ്ററിലേറെ വലിച്ചിഴച്ചുകൊണ്ടുപോയ ശേഷമാണ് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചത്.
മൃതദേഹം കിടന്നിരുന്ന സ്ഥലത്തുനിന്നു ദൂരെ മാറി ഇവരുടെ ആഭരണങ്ങളും വസ്ത്രവും വിറകും കണ്ടെത്തിയിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസ് നായ ആദ്യം ഓടിക്കയറിയത് സബിത താമസിച്ചിരുന്ന വീടിനു തൊട്ടടുത്തായി താമസിച്ചിരുന്ന ഓലപത്ര എന്ന യുവാവിന്റെ ലയത്തിലും പിന്നീട് തമിഴ് വംശജനായ പീരുമേട് സ്വദേശിയായ വിശ്വനാഥന്റെ ലയത്തിലുമായിരുന്നു.
ഇതോടെയാണ് കേസന്വേഷണം ഇവരിലേക്കു നീണ്ടത്. ഓല പത്രയുടെ ലയത്തിലും അയാളുടെ നഖത്തിനിടയിലും രക്തക്കറ കണ്ടെത്തുകയും ചെയ്തിരുന്നു.