കോഴിക്കോട്: കുറ്റ്യാടി കടന്തറപ്പുഴയില്‍ പശുക്കടവിനു സമീപം മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ ആറു യുവാക്കളില്‍ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി. പാറയുള്ള പറമ്പത്ത് വിഷ്ണുവിന്റെ മൃതദേഹമാണ് ബുധനാഴ്ചത്തെ തിരച്ചിലില്‍ കണ്ടെത്തിയത്.
കോഴിക്കോട് ചെറുകിട ജലവൈദ്യുത പദ്ധതിയുടെ സമീപത്ത് നിന്നാണ് വിഷ്ണുവിന്റെ മൃതദേഹം കിട്ടിയിരിക്കുന്നത്. ഞായറാഴ്ച രാത്രി ഒരാളുടെ മൃതദേഹവും തിങ്കളാഴ്ച മൂന്നുപേരുടെ മൃതദേഹങ്ങളും ചൊവ്വാഴ്ച ഒരാളുടെ മൃതദേഹവും തിരച്ചില്‍ സംഘം കണ്ടെത്തിയിരുന്നു.
വിഷ്ണുവിനെ കൂടാതെ പാറക്കല്‍ രജീഷ് (22), കുട്ടിക്കുന്നുമ്മല്‍ വിപിന്‍ദാസ് (21), കറ്റോടി അശ്വന്ത് (21), പാറയുള്ള പറമ്പത്ത് അക്ഷയ് രാജ് (22), കക്കുഴി പറമ്പത്ത് ഷൈന്‍ ശശി (22) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
പൂഴിത്തോട് ചെറുകിട ജലവൈദ്യുതപദ്ധതിയുടെ മുകളിലുള്ള കടന്തറപ്പുഴയുടെ മാവട്ടം ഭാഗത്ത് ഞായറാഴ്ച വൈകിട്ട് കുളിക്കാനിറങ്ങിയപ്പോഴാണ് ഒമ്പതംഗസംഘം മലവെള്ളപ്പാച്ചിലില്‍ പെട്ടത്. മൂന്നുപേര്‍ രക്ഷപ്പെട്ടു. ഇവര്‍ കുളിക്കാനിറങ്ങിയ സ്ഥലത്തിന്റെ സമീപത്താണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടത്.
അക്ഷയ് രാജിന്റെ മൃതദേഹം മൂന്നുകിലോമീറ്റര്‍ അകലെ കുറത്തിപ്പാറ സിക്ക് വളവിനുസമീപത്താണ് കണ്ടത്. അശ്വന്തിന്റെ മൃതദേഹം ഏതാണ്ട് ആറുകിലോമീറ്റര്‍ അകലെ പന്നിക്കോട്ടൂരില്‍നിന്ന് കിട്ടി. വിപിന്‍ദാസിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് മൂന്നുകിലോമീറ്റര്‍ താഴെ പുഴയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്.
വിപിന്‍ ദാസിന്റെ മൃതദേഹമാണ് ചെവ്വാഴ്ചത്തെ തിരച്ചിലില്‍ കണ്ടെത്തിയത്. ഷജിന്‍ ശശി, പാറയുള്ള പറമ്പത്ത് അക്ഷയ് രാജ്, കറ്റോടി അശ്വന്ത് എന്നിവരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച കണ്ടെത്തി. രജീഷിന്റെ മൃതദേഹം ഞായറാഴ്ച രാത്രി കണ്ടെത്തിയിരുന്നു.
തൃശ്ശൂരില്‍ നിന്നെത്തിയ ദേശീയ ദുരന്തനിവാരണസേന (എന്‍.ഡി.ആര്‍.എഫ്.)യ്ക്കു പുറമേ അഗ്‌നിരക്ഷാസേനയും നാട്ടുകാരും മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയിരുന്നത്.