രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജിസിസി രാജ്യമായ കുവൈത്ത് ഫാമിലി വിസ അനുവദിക്കുന്നു. ഞായറാഴ്ച മുതല്‍ ഫാമിലി വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണിതെങ്കിലും പുതിയ നിബന്ധനകള്‍ പ്രയാസമേറിയതാണ്. ജനുവരി 28 മുതല്‍ ഫാമിലി വിസ അനുവദിക്കാന്‍ തീരുമാനിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫാമിലി വിസ നിര്‍ത്തിവച്ചത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ രണ്ട് വര്‍ഷമായി സാധിക്കുന്നില്ല. നേരത്തെ ഫാമിലി വിസയില്‍ എത്തിയവര്‍ മാത്രമാണ് ഇക്കാലയളവില്‍ തുടര്‍ന്നത്. സാധാരണ അവധി കാലത്ത് നിരവധി പ്രവാസി കുടുംബങ്ങള്‍ കുവൈത്തില്‍ എത്താറുണ്ടായിരുന്നു.
അതേസമയം, കടുത്ത നിബന്ധനയാണ് ഫാമിലി വിസയ്ക്ക് കുവൈത്ത് ഭരണകൂടം മുന്നോട്ട് വെച്ചിട്ടുള്ളത്. കുടുംബങ്ങളെ കൊണ്ടുവരുന്ന പ്രവാസിക്ക് കുറഞ്ഞ ശമ്പളം 800 ദിനാര്‍ ആയിരിക്കണം. അതായത്, രണ്ട് ലക്ഷത്തിലധികം രൂപ. ഇത്രയും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ക്ക് മാത്രമാണ് വിസ അനുവദിക്കുക എന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാണ്. നേരത്തെ കുറഞ്ഞ ശമ്പള നിരക്ക് 600 ദിനാര്‍ ആയിരുന്നു എന്ന് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 450 ദിനാര്‍ ആയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അപേക്ഷകന്‍ ബിരുദധാരിയാകണം എന്ന നിബന്ധനയുമുണ്ട്. യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി ചെയ്യുന്ന വ്യക്തിയാകണം. ശമ്പളം കാണിക്കുന്ന സാലറി സര്‍ട്ടിഫിക്കറ്റ് അപേക്ഷ സമയത്ത് സമര്‍പ്പിക്കണം. മാത്രമല്ല, ബിരുദ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ഒരു വര്‍ഷം കാലാവധിയുള്ള പാസ്‌പോര്‍ട്ട് വേണം. ഇവയുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
സിവില്‍ ഐഡിയുടെ പകര്‍പ്പ്, സത്യവാങ്മൂലം എന്നിവയും അപേക്ഷയോടൊപ്പം വെക്കണം. കുടുംബ വിസയില്‍ എത്തുന്നവര്‍ ആരൊക്കെ, അവരുമായുള്ള ബന്ധം എന്ത് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ഭാര്യയെ/ഭര്‍ത്താവിനെ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ടി വരും. സത്യവാങ്മൂലത്തിനായി എംബസിയെ സമീപിക്കാം. രേഖകള്‍ അറബിയിലാകണം. കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറസ്റ്റ് ചെയ്യുകയും വേണം.