കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുഗതാഗത സംവിധാനത്തിലേക്ക് ആളുകളെ ആകർഷിക്കാൻ പദ്ധതിയുമായി കാപിറ്റൽ ഗവർണറേറ്റ്. കുവൈത്ത് പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയ സൗജന്യ പൊതുജന സവാരി പദ്ധതിയുടെ ഫ്ലാഗ് ഓഫ് ഗവർണർ ശൈഖ് തലാൽ അൽ ഖാലിദ് നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മുബാറകിയയിലേക്ക് കെ.പി.സി.ടി ബസുകൾ സൗജന്യ സർവിസ് ഒരുക്കി. പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ജനങ്ങളെ കൂടുതൽ അടുപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.
മൂന്നുസ്ഥലങ്ങളിൽനിന്നും രാവിലെ പത്തുമുതൽ രാത്രി പത്തുവരെ ഓരോ അരമണിക്കൂർ ഇടവിട്ടും ഷട്ടിൽ സർവീസ് ഉണ്ടായിരിക്കുമെന്ന് കുവൈത്ത് പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി സി.ഇ.ഒ മൻസൂർ അൽ സാദ് അറിയിച്ചു. ആറു ബസുകളാണ് കെ.പി.ടി.സി പദ്ധതിക്കായി വിട്ടുനൽകിയത്. ഗതാഗത വകുപ്പ് മേധാവി മേജർ ജനറൽ ജമാൽ അൽ സായിഗ്, ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരും ഫ്ലാഗ് ഓഫ് ചടങ്ങിൽ സംബന്ധിച്ചു.