കുവൈറ്റ്: കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ നിന്നും വിദേശ തടവുകാരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുന്ന കാര്യം പരിഗണനയിലെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ് അറിയിച്ചു. തടവുകാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഇത്തരത്തിലൊരു നടപടി. കൂടാതെ പുതിയ ജയില്‍ നിര്‍മ്മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ 2500 തടവുകാരെ പാര്‍പ്പിക്കുന്നതിനാണ് സൗകര്യമുള്ളത്. എന്നാല്‍, 6000 പേരോളം ഇപ്പോള്‍ ജയിലിലുള്ളത്. പുതിയ ജയില്‍ നിര്‍മ്മിച്ച് അധികമുള്ള തടവുകാരെ അങ്ങോട്ട് മാറ്റുന്നതിനും, വിദേശ തടവുകാരെ അവരുടെ നാട്ടിലേയ്ക്ക് അയക്കുന്നതിനുമാണ് അധികൃതര്‍ ആലോചിക്കുന്നത്. ശിക്ഷയുടെ ബാക്കി കാലം നാട്ടിലെ ജയിലുകളില്‍ ലഭ്യമാക്കണമെന്ന നിബന്ധനയോടെയായിരിക്കും വിദേശതടവുകാരെ കയറ്റി അയക്കുന്നത്. ഇതിന് അതത് രാജ്യങ്ങളുമായി ധാരണയിലെത്തേണ്ടതുണ്ട്.