കുവൈത്തില്‍ കോവിഡ് വ്യാപനം രൂക്ഷം; ഭാഗിക കര്‍ഫ്യു ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ധര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ധര്‍. പ്രതിദിന കോവിഡ് രോഗികളും മരണ നിരക്കും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഫ്യു നടപ്പിലാക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പകര്‍ച്ചവ്യാധി വിഭാഗം അല്‍ അദാന്‍ ആശുപത്രി മേധാവി ഡോ.ഗാനേം അല്‍ ഹുജയിലഹ് നിര്‍ദേശിച്ചു.

രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളില്‍ കോവിഡ് രോഗികള്‍ നിറഞ്ഞതും, സ്വകാര്യ ആശുപത്രികളുടെ സഹായം തേടുന്ന സാഹചര്യവും സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ബന്ധിരാകുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,977 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,029 ആയും കോവിഡ് രോഗികള്‍ 3,65,649 ആയും വര്‍ധിച്ചു. 1,841 പേര്‍ കൂടി രോഗ മുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

15,209 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,977 പേരില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 30,49,341 പേരില്‍ രോഗ പരിശോധന നടത്തിയതായും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനമായി വര്‍ധിച്ചതായും അല്‍ സനാദ് പറഞ്ഞു. നിലവില്‍ 18,514 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

 

Top