കൊവിഡ് പ്രതിരോധം; കുവൈറ്റിന്റെ സഹായം ശനിയാഴ്ച ഇന്ത്യയിലെത്തും

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ ആശുപത്രികളില്‍ മതിയായ ചികില്‍സാ ഉപകരണങ്ങളുടെ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കുവൈറ്റില്‍ നിന്നുള്ള ആദ്യ സഹായം മെയ് ഒന്ന് ശനിയാഴ്ചയോടെ ഇന്ത്യയിലെത്തും. ഇന്ത്യയിലെ കുവൈറ്റ് അംബാസഡര്‍ ജാസിം അല്‍ നജിം കുവൈറ്റ് ന്യൂസ് ഏജന്‍സിയെ അറിയിച്ചതാണിത്. പ്രത്യേക സൈനിക വിമാനത്തിലാണ് ഇന്ത്യയിലേക്ക് സഹായങ്ങളെത്തിക്കുക.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍, വിവിധ വലിപ്പത്തിലുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. രൂക്ഷമായ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസിനോടുള്ള പോരാട്ടത്തില്‍ ഇന്ത്യയെ സഹായിക്കുന്നതിന്റെ ആദ്യ പടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ ദുരന്ത വേളയില്‍ കഷ്ടത അനുഭവിക്കുന്ന ഇന്ത്യക്കാരുടെ ദുരിതമകറ്റുന്നതില്‍ ചെറിയ പങ്കുവഹിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നെതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറുമായി കുവൈറ്റ് വിദേശകാര്യമന്ത്രിയും കാബിനറ്റ് കാര്യമന്ത്രിയുമായ ശെയ്ഖ് ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് കുവൈറ്റിന്റെ പിന്തുണ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കുവൈറ്റ് മന്ത്രിസഭയും ഇന്ത്യയ്ക്ക് അടിയന്തര സഹായമെത്തിക്കാന്‍ തീരുമാനമെടുത്തിരുന്നു.

Top