ക്രിമിനല്‍ കുറ്റവാളിയായ വിദേശിയുടെ സ്‌പോണ്‍സര്‍ഷിപ്പ് തൊഴിലുടമക്ക് ഒഴിയാം

കുവൈറ്റ്: കുവൈറ്റില്‍ ക്രിമിനല്‍ കുറ്റങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ വിധിക്കപ്പെട്ട വിദേശിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഒഴിയാന്‍ തൊഴിലുടമക്ക് അവകാശമുണ്ടെന്ന് മാന്‍ പവര്‍ അതോറിറ്റി. ഇത്തരം സന്ദര്‍ഭങ്ങളില്‍ തൊഴിലാളിയുടെ ഇഖാമ റദ്ദാക്കാന്‍ തൊഴിലുടമക്ക് അപേക്ഷ നല്‍കാം. ഒളിച്ചോട്ടം സംബന്ധിച്ച പരാതി നിലനില്‍ക്കുന്ന സാഹചര്യങ്ങളിലും താമസാനുമതി റദ്ദാക്കുന്നതിനു തടസ്സമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഏതെങ്കിലും കാരണവശാല്‍ തൊഴിലാളി തൊഴിലുടമ ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ തൊഴിലാളിയുടെ ഇഖാമ റദ്ദാക്കാന്‍ തൊഴിലുടമക്ക് തടസമില്ലെന്നാണ് മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കിയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ താമസാനുമതി റദ്ദാക്കിയ തൊഴിലാളിയെ തിരിച്ചയക്കുന്നതിനുള്ള ചെലവ് തൊഴിലുടമ വഹിക്കണം.

അതേസമയം തൊഴിലാളി മറ്റൊരു സ്ഥാപനത്തില്‍ ജോലിക്കു നില്‍ക്കുകയും സ്‌പോണ്‍സര്‍ പിരിച്ചു വിട്ടാല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ടെങ്കില്‍ തിരിച്ചയക്കാന്‍ ചെലവ് വഹിക്കേണ്ടത് പുതിയ തൊഴിലുടമയാണ്. ആറുമാസത്തില്‍ കൂടുതല്‍ കുവൈറ്റിന് പുറത്തു താമസിച്ചാലോ ഏതെങ്കിലും കാരണത്താല്‍ നാടുകടത്തല്‍ വിധിക്കപ്പെട്ടാലോ ഇഖാമ സ്വമേധയാ അസാധുവാകുമെന്നും മാന്‍പവാര്‍ അതോറിറ്റി അറിയിച്ചു.

Top