വൈദ്യുതി ബില്‍ കുടിശ്ശിക അടക്കാത്തവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തുന്നു

കുവൈറ്റ്: കുവൈറ്റില്‍ വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചുതീര്‍ക്കാത്തവര്‍ക്കെതിരെ യാത്രാവിലക്കേര്‍പ്പെടുത്താന്‍ നീക്കം. നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കുടിശിഖ തീര്‍ക്കാന്‍ ആളുകള്‍ മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യം മന്ത്രാലയം പരിഗണിക്കുന്നത്.

കുടിശ്ശിക ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് നൂറുകണക്കിന് മില്യന്‍ ദീനാറാണ് മന്ത്രാലയത്തിന് പിരിഞ്ഞു കിട്ടാനുള്ളത്. കുടിശ്ശിക വരുത്തിയ വ്യക്തികള്‍ക്ക് സര്‍ക്കാറിന്റെ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പല സര്‍ക്കാര്‍ സേവനങ്ങളും പൂര്‍ത്തിയാക്കണമെങ്കില്‍ വൈദ്യുതി കുടിശ്ശികയില്ലെന്ന് സാക്ഷ്യപ്പെടുത്തിയ രേഖ കാണിക്കണമെന്ന നിബന്ധനയുണ്ട്.

മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചിട്ടും നല്ലൊരു വിഭാഗം കുടിശ്ശിക അടക്കാന്‍ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്കെതിരെ യാത്രാ വിലക്കേര്‍പ്പെടുത്തുന്ന കാര്യം മന്ത്രാലയം ആലോചിക്കുന്നത്. കുടിശ്ശികയുള്ള വരിക്കാരുടെ പേരുവിവരം വിമാനത്താവളത്തിലെയും അതിര്‍ത്തി ചെക്ക് പോസ്
റ്റുകളിലെയും കമ്പ്യൂട്ടറുകളില്‍ തെളിയുന്നതോടെ രാജ്യം വിടാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകും.

അതിനിടെ, കുടിശ്ശിക വരുത്തിയ സ്വകാര്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സര്‍ക്കാറുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് മാന്‍പവര്‍ അതോറിറ്റി നിര്‍ത്തിവെച്ചു. ഇത്തരം കമ്പനികളെ പ്രത്യേകം ബ്ലോക്കായി തിരിച്ചാണ് നടപടി. അതേസമയം, ഈ കമ്പനികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തൊഴിലാളികളുടെ വിസ പുതുക്കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Top