കുവൈറ്റിലെ ഗാര്‍ഹികത്തൊഴിലാളികളില്‍ പകുതിയോളം പേര്‍ ഇന്ത്യക്കാര്‍

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി ജോലിക്കാരില്‍ നാലിലൊന്നു ഭാഗവും ഗാര്‍ഹികത്തൊഴിലാളികളാണെന്ന് കണക്കുകള്‍. 2020 അവസാനത്തോടെ രാജ്യത്ത് 28 ലക്ഷം തൊഴിലാളികളുണ്ടായിരുന്നതില്‍ 7.3 ലക്ഷത്തിലേറെ പേരും വീട്ടുവേലക്കാരായി ജോലി ചെയ്യുന്നവരാണെന്നാണ്  പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഡിസംബറിലെ ഔദ്യോഗിക കണക്കുകളാണിത്. എന്നാല്‍ അതിനു ശേഷമുള്ള നാലു മാസങ്ങളില്‍ കുവൈറ്റിലെ ഗാര്‍ഹികത്തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങള്‍ക്കിടയില്‍ 96,000 വീട്ടുജോലിക്കാരാണ് രാജ്യം വിട്ടത്. ഇതോടെ ഗാര്‍ഹികത്തൊഴിലാളികളുടെ എണ്ണം 636,000 ആയി കുറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍, വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടങ്ങിയവയാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

ഗാര്‍ഹികത്തൊഴിലാളികളുടെ രാജ്യങ്ങള്‍ തിരിച്ചുള്ള കണക്കെടുത്താല്‍ ഇവരില്‍ പകുതിയോളം പേര്‍ ഇന്ത്യക്കാരാണ്. അതായത് കുവൈറ്റില്‍ ജോലി ചെയ്യുന്ന ഗാര്‍ഹികത്തൊഴിലാളികളില്‍ 47 ശതമാനത്തിലേറെയും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 3.43 ലക്ഷത്തിലേറെ വരും ഇവിടെയുള്ള ഇന്ത്യക്കാരായ വീട്ടുവേലക്കാര്‍. ഇവരില്‍ 71 ശതമാനം പേര്‍ പുരുഷന്‍മാരും 29ശതമാനം പേര്‍ സ്ത്രീകളുമാണ്. ഗാര്‍ഹികത്തൊഴിലാളികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ളത് പിലിപ്പിനോകളാണ്. മൊത്തം വീട്ടുജോലിക്കാരുടെ 21.5 ശതമാനം വരുമിവര്‍.

 

Top