വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന് കെ.എച്ച്.ആര്‍.എസ്

medical

കുവൈറ്റ്: വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് കുവൈറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് സൊസൈറ്റി(കെ.എച്ച്.ആര്‍.എസ്) പ്രവര്‍ത്തകര്‍.

ഒക്‌ടോബര്‍ ഒന്നിനു ഫീസ് വര്‍ധനവ് പ്രാബല്യത്തില്‍ വന്നശേഷം വിദേശികള്‍ ചികിത്സ ഒഴിവാക്കിയ സംഭവങ്ങള്‍ ഉണ്ടായതായി മനുഷ്യാവകാശ സൊസൈറ്റി അധികൃതര്‍ അറിയിച്ചു.

ഫീസ് വര്‍ധനവുണ്ടായതിന് ശേഷം ചികിത്സ തേടിയെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ 30 ശതമാനം കുറവ് വന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍.

പുതിയ സാഹചര്യം വിദേശികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതു പരിഗണിക്കേണ്ടതുണ്ടെന്ന് കെ.എച്ച്.ആര്‍.എസ് അഭിപ്രായപ്പെടുകയും ചെയ്തു.

ചികിത്സയ്ക്ക് ആവശ്യമായ പണം നല്‍കാനാകാതെ വിദേശി മരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യവും കെ.എച്ച്.ആര്‍.എസ് ഓര്‍മിപ്പിച്ചു.

ഫീസ് വര്‍ധന പ്രാബല്യത്തില്‍ വന്നതിന് ശേഷവും ചില വിഭാഗങ്ങളെ അധിക ഫീസില്‍ നിന്നു മന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്. ഫീസ് വര്‍ധന നടപ്പാക്കുന്നതിനു മുന്‍പ് സമഗ്ര പഠനം നടത്തിയിട്ടില്ലെന്ന സൂചനയാണ് അത് നല്‍കുന്നതെന്നും കെ.എച്ച്.ആര്‍.എസ് കുറ്റപ്പെടുത്തി.

Top