കുവൈറ്റ്: കുവൈറ്റില്‍ സ്വദേശിവത്കരണം പെട്രോളിയം മേഖലയിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷനില്‍ ജോലി ചെയുന്ന പ്രവാസികളെ ഒഴിവാക്കാനാണ് ശ്രമം. കുവൈറ്റ് ഓയില്‍ ടാങ്കേഴ്‌സ് കമ്പനി, കുവൈറ്റ് ഗള്‍ഫ് ഓയില്‍ കമ്പനി, കുവൈറ്റ് ഫോറിന്‍ ഓയില്‍ എക്‌സ്‌പ്ലൊറേഷന്‍ കമ്പനി, കുവൈറ്റ് ഓയില്‍ കമ്പനി, കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി, കുവൈറ്റ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി തുടങ്ങിയ കമ്പനികളില്‍ നിന്നും പ്രവാസികളായ ജീവനക്കാരെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതോടെ കുവൈറ്റില്‍ പെട്രോളിയം മേഖലയില്‍ ജോലി ചെയ്യുന്ന അനേകം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രവാസികളുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കണക്കാക്കുന്നതിന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പദ്ധതിയിലൂടെ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുവാന്‍ സാധിക്കുമെന്നും വകുപ്പുമന്ത്രി മുഹമ്മദ് അല്‍ ജാബ്രി പറഞ്ഞു.