കുവൈറ്റ്: കുവൈറ്റില്‍ വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. വെള്ളം, വൈദ്യുതി, എന്നിവയുടെ ഉപയോഗത്തില്‍ മിതത്വം പാലിക്കണമെന്ന് ജലം, വൈദ്യുതി മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നതിന അനുസരിച്ചു എയര്‍ കണ്ടീഷനുകള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നതാണ് വൈദ്യുതി ഉപഭോഗം കൂടുന്നതിന് പ്രധാനകാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത് .
വരും ദിവസങ്ങളില്‍ 14500 കിലോവാട്ട് വരെ ഉപഭോഗം കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. 16000 കിലോവാട്ട് വൈദ്യുതിയാണ് നിലവില്‍ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് . ഉപഭോഗം കൂടുന്നതിനനുസരിച്ചു ഉപഭോഗവും ഉത്പാദനവും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്ന അവസ്ഥയുണ്ട് . ജലം ,വൈദ്യുതി എന്നിവയുടെ ഉപഭോഗത്തില്‍ മിതത്വം പാലിക്കുകയാണ് പരിഹാരമെന്നും അധികൃതര്‍ നിര്‍ദേശിച്ചു .
വാഹനം കഴുകല്‍ , പുല്‍ത്തകിടികള്‍ നന്നാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കു അമിതമായി വെള്ളം ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം. മിതവ്യയം സര്‍ക്കാര്‍ നയമാണെന്നും അമിതമായി ജലം വൈദ്യുതി എന്നിവ പാഴാക്കുന്നത് നിയമലംഘനമാണ് കണക്കാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അതിനിടെ വൈദ്യുതി നിരക്കില്‍ കാലോചിതമായ വര്‍ധന ആവശ്യമായിരിക്കുകയാണെന്നു മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ബുഷാഹിരി സൂചിപ്പിച്ചു . സഹകരണ സ്ഥാപനങ്ങളുടെ വൈദ്യുതി നിരക്കു അഞ്ചു ഫില്‍സ് ആയും വെള്ളക്കരം 1000 ഗാലനു 800 ഫില്‍സ് എന്നതു രണ്ടു ദിനാര്‍ ആയും വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.