സ്വദേശിവത്ക്കരണം: വിദേശി ബാച്ചിലര്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കുന്നു

കുവൈറ്റ്: കുവൈറ്റില്‍ സ്വകാര്യ പാര്‍പ്പിട മേഖലയില്‍ താമസിക്കുന്ന ബാച്ചിലര്‍മാര്‍ക്കെതിരെ മുനിസിപ്പാലിറ്റി നടപടി ശക്തമാക്കുന്നു. സ്വദേശി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ വിദേശി ബാച്ചിലര്‍മാരെ താമസിക്കാന്‍ അനുവദിക്കില്ലെന്നാണ് മുനിസിപ്പാലിറ്റി നിലപാട്. വിദേശി ബാച്ചിലര്‍മാരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

സ്വകാര്യ പാര്‍പ്പിടമേഖലയില്‍ വിദേശികള്‍ക്ക് താമസം അനുവദിക്കുന്നതായി പരാതികള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മുന്‍സിപ്പാലിറ്റി നടപടികള്‍ ശക്തമാക്കിയത്. ആറു ഗവര്‍ണറേറ്റുകളിലെയും സ്വകാര്യപാര്‍പ്പിട മേഖലയില്‍ താമസിക്കുന്ന വിദേശി ബാച്ചിലര്‍മാരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട് . മുനിസിപ്പല്‍ ഡയറക്ടര്‍റുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. സല്‍വ, റുമൈതിയ ഭാഗങ്ങളില്‍ നിരവധി ബാച്ചിലര്‍മാര്‍ക്ക് ഒഴിഞ്ഞുപോവാന്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ് ച അഹ് മദി ഗവര്‍ണറേറ്റില്‍ ബാച്ചിലര്‍മാര്‍ താമസിച്ചുവന്ന 112 വീടുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. സ്വദേശികള്‍ക്ക് സര്‍ക്കാര്‍ ഭവന പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വിദേശി ബാച്ചിലര്‍മാര്‍ക്ക് വാടകക്ക് നല്‍കി വന്നതാണ് പിടികൂടിയത്. സ്വദേശികളുടെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ വിദേശികള്‍ താമസിക്കുന്നത് മുനിസിപ്പല്‍ ചട്ടപ്രകാരം നിയമലംഘനമാണ്. ഇത് വിവിധ സാമൂഹികസുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Top