കുവൈറ്റ് സിറ്റി: വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് ശക്തമായ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവിലിറങ്ങി. കുവൈറ്റ് സിറ്റിയിലെ ഇറാദ സ്‌ക്വയറിലുള്ള ദേശീയ അസംബ്ലി കെട്ടിടത്തിന് പുറത്താണ് നിരവധി സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ പൊലീസ് ഉള്‍പ്പെടെയുളള അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ വേണമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. പലപ്പോഴും സ്ത്രീകളുടെ പരാതികള്‍ പൊലീസ് വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്നും കഴിഞ്ഞ ദിവസമുണ്ടായ യുവതിയുടെ മരണം അതിന് തെളിവാണെന്നും പ്രതിഷേധകര്‍ ചൂണ്ടിക്കാട്ടി. ‘സ്ത്രീകളെ കൊല്ലുന്നത് അവസാനിപ്പിക്കുക’, ‘നിയമമില്ല, സംരക്ഷണവുമില്ല’, ‘ആരാണ് അടുത്ത ഇര?’, ‘നിങ്ങളുടെ കരങ്ങളില്‍ ചോരക്കറ’ തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് സ്ത്രീകള്‍ പലയിടങ്ങളിലായി തെരുവുകളില്‍ ഇറങ്ങിയത്.