പുതുവര്‍ഷത്തോടെ അസംസ്‌കൃത എണ്ണ ഉല്‍പ്പാദനം കുറയ്ക്കുമെന്നു കുവൈത്തിലെയും ഖത്തറിലെയും എണ്ണ കമ്പനികള്‍ പ്രഖ്യാപിച്ചു. എണ്ണ ഉല്‍പ്പാദകരായ ‘ഒപെക്’, ‘നോണ്‍ ഒപെക്’ രാജ്യങ്ങളുടെ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് ജനുവരി ഒന്നു മുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ തീരുമാനിച്ചത്.
ഒപെക്കിന്റെ നിര്‍ദേശപ്രകാരം ഉല്‍പ്പാദനം കുറയ്ക്കുന്ന സാഹചര്യത്തില്‍ അസംസ്‌കൃത എണ്ണ ലഭ്യതയില്‍ കുറവുണ്ടാവുമെന്ന് ഉപയോക്താക്കളെ അറിയിച്ചതായി പൊതുമേഖല സ്ഥാപനമായ ഖത്തര്‍ പെട്രോളിയത്തിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ സാദ് ഷെരിദ അല്‍ കാബി അറിയിച്ചു.
2016 നവംബര്‍ 30ന് ചേര്‍ന്ന ഒപെക് അംഗരാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗമാണ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. സംഘടനയുടെ പ്രതിദിന ഉല്‍പ്പാദനത്തില്‍ 12 ലക്ഷത്തോളം ബാരലിന്റെ കുറവ് വരുത്താനാണു സംഘടനയുടെ നീക്കം. എന്നാല്‍ ഖത്തര്‍ പെട്രോളിയം ഉല്‍പ്പാദനത്തില്‍ എത്രത്തോളം കുറവാണു നടപ്പാക്കുകയെന്നു വ്യക്തമല്ല.
ജനുവരി മുതല്‍ അസംസ്‌കൃത എണ്ണ കയറ്റുമതി കുറയ്ക്കുമെന്നാണു പൊതുമേഖലയിലെ കവൈത്ത് പെട്രോളിയം കോര്‍പറേഷനും(കെ പി സി) ഇടപാടുകാരെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ ഒപെക് തീരുമാനം പിന്തുടര്‍ന്നാണ് നടപടിയെന്നും കമ്പനി വെളിപ്പെടുത്തി
ഉല്‍പ്പാദനത്തില്‍ വരുത്തുന്ന കുറവ് സംബന്ധിച്ചു കമ്പനി സൂചനയൊന്നും നല്‍കിയിട്ടില്ല; പ്രതിദിന ഉല്‍പ്പാദനമായ 30 ലക്ഷം ബാരലില്‍ 1.30 ലക്ഷത്തോളം കുവൈത്ത് കുറച്ചേക്കുമെന്നാണു വിലയിരുത്തല്‍. ഒപെക് തീരുമാനപ്രകാരം ഉല്‍പ്പാദനം കുറയ്ക്കുമെന്നു യു എ ഇയിലെ അഡ്‌നോക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി മുതലാണു പുതിയ ഉല്‍പ്പാദനക്രമം നിലവില്‍ വരികയെന്നും കമ്പനി അറിയിച്ചു.
പ്രതിദിനം 31.50 ലക്ഷം ബാരലാണു കമ്പനിയുടെ ഉല്‍പ്പാദനം. ക്രൂഡ് ഓയില്‍ വിലയിലെ കനത്ത ഇടിവ് മുന്‍നിര്‍ത്തി പ്രതിദിന ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് ഇതര രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. പ്രതിദിന ഉല്‍പ്പാദനത്തില്‍ 5.58 ലക്ഷം ബാരലിന്റെ കുറവ് വരുത്താനാണു സംഘടനയുടെ നീക്കം.