കുവൈത്ത്: ഗസ്സയിലേക്ക് കൂടുതല്‍ സഹായങ്ങളുമായി കുവൈത്ത്. ചൊവ്വാഴ്ച പത്ത് ടണ്‍ സാമഗ്രികളുമായി ഗസ്സയിലേക്ക് കുവൈത്ത് രണ്ടാമത്തെ ദുരിതാശ്വാസ വിമാനം അയച്ചു. കുവൈത്ത് നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രതിരോധ, വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങള്‍ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് സഹായ വിതരണം ഏകോപിപ്പിക്കുന്നത്.
ഇന്റര്‍ നാഷനല്‍ ഇസ്‌ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷന്‍ (ഐ.ഐ.സി.ഒ), അല്‍ സലാം ഇസ്‌ലാമിക് ചാരിറ്റബിള്‍ സൊസൈറ്റി, കെ.ആര്‍.സി.എസ്, കുവൈത്ത് സൊസൈറ്റി ഫോര്‍ റിലീഫ് എന്നിവ സഹകരണത്തില്‍ മുന്നിലുണ്ട്.
ഫലസ്തീനികള്‍ക്കുള്ള അടിയന്തര മാനുഷിക സഹായവുമായി കുവൈത്തിന്റെ ആദ്യ വിമാനം തിങ്കളാഴ്ച പുറപ്പെട്ടിരുന്നു. മെഡിക്കല്‍ സപ്ലൈകളും ആംബുലന്‍സുകളും മറ്റു അവശ്യ വസ്തുക്കളും അടങ്ങിയ 40 ടണ്‍ വസ്തുക്കളുമായാണ് തിങ്കളാഴ്ച വിമാനം പുറപ്പെട്ടത്. ഈജിപ്ഷ്യന്‍, ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റികള്‍ തമ്മിലുള്ള ഏകോപനത്തിലാണ് സഹായവിതരണം.