കുവൈറ്റ് : കുവൈറ്റില്‍ അമേരിക്കന്‍ സൈനിക സാമഗ്രികളുടെ ഇടത്താവളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ തമ്പടിച്ച യു.എസ് സൈനികര്‍ക്കും സഖ്യസേനകള്‍ക്കും ആവശ്യമായ ലോജിസ്റ്റിക് സപ്പോര്‍ട്ട് ലഭ്യമാക്കുന്ന കാര്‍ഗോ സിറ്റിയുടെ നിര്‍മാണമാണ് കുവൈറ്റില്‍ പുരോഗമിക്കുന്നത്.
യു എസ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 33000 മീറ്റര്‍ ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് യു.എസ്‌കാര്‍ഗോ സിറ്റിയുടെ പണി പുരോഗമിക്കുന്നത്. എല്ലാ ദിവസവും 24 മണിക്കൂറും എന്ന രീതിയില്‍ ദ്രുതഗതിയിലാണ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. 32 മില്യന്‍ ഡോളര്‍ ചെലവ് കണക്കാക്കിയ പദ്ധതിയുടെ ഉദ്ഘാടനം അടുത്ത നവംബറിന് മുമ്പ് ഉണ്ടാകുമെന്നാണ് സൂചന.
നിര്‍മാണം പൂര്‍ത്തിയായാല്‍ പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഏറ്റവും വലിയ എയര്‍ ലോജിസ്റ്റിക് കേന്ദ്രമായിരിക്കും കുവൈറ്റിലേത്. സമീപ രാജ്യങ്ങളിലെ യു.എസ് ക്യാമ്പുകളിലേക്ക് ആവശ്യമായ സൈനിക സാമഗ്രികളുടെ നീക്കമുള്‍പ്പെടെ കാര്യങ്ങള്‍ക്കാകും കാര്‍ഗോ സിറ്റി വഴി നടപ്പാക്കുന്നത്.