കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒന്നിലധികം വാഹനങ്ങളുള്ള വിദേശികള്‍ക്കു നിയന്ത്രണം വരുന്നു. ജിസിസി – അറബ് വംശജര്‍ ഉള്‍പ്പെടെ എല്ലാ വിദേശികള്‍ക്കും നിയന്ത്രണം ബാധകമാകും. രാജ്യത്ത് വര്‍ധിച്ചു വരുന്ന വാഹന ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗതാഗത വിഭാഗം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
വിദേശികള്‍ ഒന്നിലധികം വാഹനങ്ങള്‍ വാങ്ങുന്നത് നിയന്ത്രിക്കേണ്ടതുണ്ട്. ഒരാള്‍ നിരവധി വാഹനങ്ങള്‍ വാങ്ങി മറിച്ചുവില്‍ക്കുകയോ, പാട്ടത്തിനോ വാടകക്കോ നല്‍കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കമേഴ്‌സ്യല്‍ ലൈസന്‍സ് സ്വന്തമാക്കാതെ ഇത്തരം ബിസിനസില്‍ ഏര്‍പ്പെടുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം.
ലൈസന്‍സ് ഫീസ് ഇനത്തില്‍ വന്‍ തുക സര്‍ക്കാരിന് നഷ്ടം വരുന്നതിനാല്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും നീക്കങ്ങളുണ്ട്. വിദേശികളുടെ പേരില്‍ പരമാവധി വാങ്ങാന്‍ കഴിയുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ നിബന്ധന വെക്കുകയും അധിക വാഹനങ്ങള്‍ക്ക് അമിത ഫീസ് ചുമത്തുന്നതിനുമാണ് ആലോചിക്കുന്നത്.
ചില വിദേശികളുടെ പേരില്‍ അമ്പതിലേറെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഗതാഗത വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത വിദേശികളുടെ പേരിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.