കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് കുവൈറ്റിൽ നിലവിലുള്ള യാത്രാ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള നിര്‍ണായക യോഗം ഞായറാഴ്ച നടക്കും. ദേശീയ അസംബ്ലി ഹെല്‍ത്ത് കമ്മിറ്റിയും ആരോഗ്യ മന്ത്രി ശെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹും ഇതേക്കുറിച്ച് ചര്‍ച്ച നടത്തും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വിദേശ സര്‍വീസുകള്‍ക്കായി തുറക്കുന്നതിനെ കുറിച്ചും വിദേശ യാത്രികള്‍ക്കുള്ള പ്രവേശന വിലക്ക് നീക്കുന്നതിനെ കുറിച്ചും യോഗത്തിൽ ചര്‍ച്ച ചെയ്യും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നു മാസമായി പ്രവാസികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ്. അതുകൊണ്ടു തന്നെ തിരിച്ചു വരാന്‍ കഴിയില്ലെന്ന ഭീതിയില്‍ പ്രവാസികള്‍ ആരും കുവൈറ്റിന് പുറത്തേക്ക് യാത്ര ചെയ്യുന്നില്ല.
അതേസമയം, റെസിഡന്‍സ് വിസയുള്ള ആയിരക്കണക്കിനാളുകള്‍ കുവൈറ്റിലെത്താന്‍ കഴിയാതെ നാടുകളില്‍ കുടുങ്ങിക്കിടക്കുകയുമാണ്. വിദേശികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് മൂലം വിമാനത്താവളത്തിനുണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.