കുവൈത്ത് സിറ്റി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ചകളിലെ ജുമുഅ ഉള്‍പ്പെടെ പള്ളികളില്‍ അഞ്ച് നേരങ്ങളിലെയും ജമാഅത്ത് നമസ്‌കാരം നിരോധിക്കാന്‍ തീരുമാനം. മന്ത്രാലയത്തിലെ ഫത്വ സമിതി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ആളുകള്‍ കൂടുന്നത് ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഔഖാഫ് മന്ത്രാലയത്തിന്റെ തീരുമാനം. ഇനിയൊരു അറിയിപ്പ് വരെ നിരോധനം തുടരും.
വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് വിശ്വാസികളില്‍ പള്ളികളില്‍ എത്തിയതിന് ശേഷമാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം പുറത്തുവന്നത്. അതിനാല്‍ വെള്ളിയാഴ്ച ജുമുഅയെ നിരോധനം കാര്യമായി ബാധിച്ചില്ല. ജുമുഅയ്ക്ക് പള്ളികളില്‍ എത്തുന്നതിന് പകരം വീടുകളില്‍ ളുഹര്‍ നമസ്‌കാരം നിര്‍വഹിച്ചാല്‍ മതിയെന്നാണ് ഫത്വ സമിതി നിര്‍ദേശിച്ചിട്ടുള്ളത്. മറ്റ് നമസ്‌കാരങ്ങളും വീടുകളില്‍ നിര്‍വഹിച്ചാല്‍ മതി. പകര്‍ച്ചവ്യാധികള്‍ ഭയപ്പെടുന്ന സമയങ്ങളില്‍ രോഗികള്‍ പള്ളികളില്‍ എത്തേണ്ടതില്ലെന്ന പ്രവാചക വചനം അനുസരിച്ചാണ് നിരോധനമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.