കുവൈറ്റില്‍ ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശികള്‍ക്കെതിരെ നടപടിയെടുക്കുന്നു

road

കുവൈറ്റ്: കുവൈറ്റില്‍ ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശികള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ നിര്‍ദേശം. ചില വിദേശികളുടെ പേരില്‍ അറുപതും എഴുപതും വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.

വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരിലധികം പേരും ഗാര്‍ഹിക തൊഴിലാളികളാണ്. ഡ്രൈവിങ് ലൈസന്‍സ് പോലും ഇല്ലാത്തവരുടെ പേരിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗതാഗതവിഭാഗം ശക്തമായ നടപടിക്ക് തയ്യാറാവുന്നത്.

കൂടാതെ ദിനംപ്രതി ഇരുന്നൂറിലേറെ വാഹനാപകടങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും, ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച കുറ്റത്തിന് 164 വിദേശികളെ പിടികൂടി നാടുകടത്തിയതായും ഗതാഗതവിഭാഗം അറിയിച്ചു.

Top