കുവൈത്തില്‍ ഈ തൊഴില്‍ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് വിസ മാറ്റം അനുവദിക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏഴ് പ്രധാന തൊഴില്‍ വിഭാഗത്തില്‍ പെട്ട വിദേശ തൊഴിലാളികള്‍ക്ക് വിസ മാറ്റം അനുവദിക്കുന്നതിന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ ഉത്തരവ് നല്‍കി. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് തൊഴില്‍ മാറ്റത്തിനും അനുബന്ധമായി വിസ മാറുന്നതിനും നിര്‍ദേശം നല്‍കിയതായി പബ്ലിക് അതോറിറ്റി പൊതു ജന വിഭാഗം മീഡിയ വിഭാഗം മേധാവി അസീല്‍ അല്‍ മേസയേഡ് വാര്‍ത്താ ലേഖകരെ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ മേഖല നേരിടുന്നു പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ്, വ്യവസായം, കാര്‍ഷികം, മത്സ്യ ബന്ധനം, സഹകരണ സ്ഥാപനങ്ങള്‍, കൂടാതെ ഫ്രീ ട്രേഡ് സോണ്‍ മേഖലയിലുമാണ് തൊഴില്‍ മാറ്റത്തിനു അനുമതി നല്‍കിയിട്ടുള്ളത്. അതേസമയം കുവൈത്തില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ വിദ്യാഭ്യാസ യോഗ്യതയും പരിശോധിക്കുന്നതിനു അതോറിറ്റി നിര്‍ദേശിച്ചു.

അതത് തൊഴിലുകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കില്‍ മാത്രമേ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാവൂ എന്നും നിര്‍ദേശം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിബന്ധനകള്‍ ഒരുപോലെ ബാധകമായിരിക്കും. നിലവില്‍ തൊഴില്‍ മേഖലയില്‍ 1885 ജോബ് ടൈറ്റിലുകളാണ് തൊഴില്‍ മന്ത്രാലയത്തില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

ടെക്‌നീഷ്യന്‍, പരിശീലകന്‍, സൂപ്പര്‍വൈസര്‍, ഷെഫ്, ചിത്രകാരന്‍, റഫറി തുടങ്ങിയ തൊഴിലുകള്‍ക്ക്  കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമയാണ്. എന്നാല്‍ ഓപറേറ്റര്‍മാര്‍, സെയില്‍സ്മാന്‍ തുടങ്ങിയവര്‍ക്ക് ഇന്റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. അതേസമയം ഡയറക്ടര്‍, എന്‍ജിനീയര്‍, ഡോക്ടര്‍, നഴ്‌സ്, കാലാവസ്ഥ ശാസ്ത്രജ്ഞന്‍, ജനറല്‍ ഫിസിഷ്യന്‍, ജിയോളജിസ്റ്റ്, ഇന്‍സ്ട്രക്ടര്‍, അധ്യാപകര്‍, ഗണിതശാസ്ത്രജ്ഞര്‍, സ്റ്റാറ്റിസ്റ്റീഷ്യന്‍, മാധ്യമമേഖലയിലെ വിദഗ്ധ തൊഴിലുകള്‍ തുടങ്ങിയവക്ക് ബിരുദത്തില്‍ കുറയാത്ത അക്കാദമിക യോഗ്യതയുണ്ടാകണമെന്നും അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം.

 

Top