ഗസ്സയിലേക്ക് കൂടുതല്‍ സഹായവുമായി കുവൈത്ത്: 30 ടെന്റുകളും 4 ആംബുലന്‍സും

കുവൈത്ത്: ഗസ്സയിലേക്ക് കൂടുതല്‍ സഹായവുമായി കുവൈത്ത്. 130 ടെന്റുകളും നാല് ആംബുലന്‍സുകളും ഉള്‍പ്പെടെയുള്ള 40 ടണ്‍ വിവിധ സാമഗ്രികളുമായി കുവൈത്ത് സഹായവിമാനം ഈജിപ്തിലെ അല്‍ അരിഷിലെത്തി. ഇതോടെ ഗസ്സയിലേക്ക് സഹായവസ്തുക്കളുമായി കുവൈത്ത് അയച്ച വിമാനങ്ങളുടെ എണ്ണം 36 ആയി. റഫ ക്രോങ് ബോര്‍ഡറിന് സമീപമുള്ള അല്‍ അരിഷ് വിമാനത്താവളത്തില്‍ നിന്ന് സഹായം ഈജിപ്ഷ്യന്‍ റെഡ് ക്രസന്റിന് കൈമാറും.

തുടര്‍ന്ന് ഫലസ്തീനിയന്‍ റെഡ് ക്രസന്റ് വഴി ഗസ്സയില്‍ വിതരണം ചെയ്യുമെന്ന് കുവൈത്ത് സൊസൈറ്റി ഫോര്‍ റിലീഫ് ഡെപ്യൂട്ടി ഡയറക്ടര്‍ ഒമര്‍ അല്‍ തുവൈനി പറഞ്ഞു. കുവൈത്ത് എയര്‍ ബ്രിഡ്ജിനുള്ളിലെ സൊസൈറ്റിയുടെ പതിനൊന്നാമത്തെ വിമാനമാണ് വ്യാഴാഴ്ച പുറപ്പെട്ടത്. ഇതുവരെ 290 ടണ്‍ മാനുഷിക സഹായവും 165 ടണ്‍ മെഡിക്കല്‍ സപ്ലൈയും 31 ആംബുലന്‍സുകള്‍, മാവ്, ഈത്തപ്പഴം, ടിന്നിലടച്ച ഭക്ഷണം, ഷെല്‍ട്ടറുകള്‍ എന്നിവ സൊസൈറ്റി വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ഒരു ബാച്ച് സഹായങ്ങള്‍ അയച്ചതായും വരാനിരിക്കുന്ന വിമാനങ്ങളില്‍ തുടര്‍ന്നും അയക്കുമെന്നും കുവൈത്ത് ചാരിറ്റബിള്‍ സൊസൈറ്റീസ് യൂനിയന്‍ മേധാവി ഡോ.നാസര്‍ അല്‍ അജ്മി പറഞ്ഞു.

Top