കുവൈറ്റ്: രാജ്യത്ത് ഒളിച്ചോട്ടത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ പുതിയ സ്‌പോണ്‍സറുടെ കീഴിലേക്ക് വിസ മാറ്റുന്നതിന് അനുമതി. എന്നാല്‍ തൊഴിലാളിയ്ക്ക് ബാധ്യതയായി മാറിയ മുഴുവന്‍ പിഴയും പുതിയ സ്‌പോണ്‍സര്‍ വഹിക്കണമെന്ന നിബന്ധനയോടെയായിരിക്കും ഈ കാര്യം സാധ്യമാവുക.
റെസിഡന്‍ഷ്യല്‍ കാര്യ ഡിപ്പാര്‍ട്ട്മന്റെ് മേധാവിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാര്‍ഹിക വിസകളിലുള്ള നിരവധി പേരാണ് വിവിധ കാരണങ്ങള്‍ മൂലം സ്‌പോണ്‍സര്‍മാരില്‍ നിന്ന് മാറി ജോലിചെയ്യുന്നത്. ഇങ്ങനെ പോകുന്നവര്‍ക്കെതിരെ ഒളിച്ചോട്ടത്തിന് കേസ് കൊടുക്കാന്‍ സ്‌പോണ്‍സര്‍മാര്‍ക്ക് അവകാശമുണ്ട്. മുന്‍പ് ഒളിച്ചോട്ടമുണ്ടായി മൂന്നു മാസത്തിനുള്ളില്‍ കേസ് കൊടുത്താല്‍ മതിയായിരുന്നു. ഇപ്പോള്‍ അത് രണ്ടു മാസമായി കുറച്ചിട്ടുണ്ട്. എന്നാല്‍ തൊഴിലാളിയെ കുടുക്കാന്‍ സ്‌പോണ്‍സര്‍ തന്ത്രം കാണിച്ചതാണെന്ന് കണ്ടെത്തിയാല്‍ ഒളിച്ചോട്ട കേസ് ദുര്‍ബലപ്പെടും.