കുവൈറ്റ്: ഇറാഖ് അധിനിവേശ കാലത്തു കാണാതായ കുവൈറ്റ് പൗരന്മാരുടെ കാര്യത്തില്‍ ഐക്യരാഷ്ട സഭയില്‍ ആശങ്ക പങ്കുവെച്ച് കുവൈറ്റ്. കുവൈറ്റിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ മന്‍സൂര്‍ അല്‍ ഉതൈബിയാണ് 1990 ലെ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് കാണാതായ കുവൈറ്റികളുടെ വിഷയം ഉന്നയിച്ചത്. ഉറ്റവരുടെ തിരോധാനം ജനങ്ങളുടെ ഉള്ളില്‍ ഉണങ്ങാത്ത മുറിവായി അവശേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
യുഎന്‍ രക്ഷാ സമിതിയില്‍ ഇറാഖിലെ സ്ഥിതി ഗതികളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് കുവൈറ്റ് പ്രതിനിധി യുദ്ധത്തടവുകാരുടെ വിഷയം ഉന്നയിച്ചത്. അധിനിവേശ സമയത്തു കുവൈറ്റില്‍ നിന്നും കാണാതായവരില്‍ 236 പേരെ കുറിച്ചുള്ള അന്വേഷണത്തില്‍ 2004 നു ശേഷം ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. 2017 ലെ രക്ഷാ കൗണ്‍സില്‍ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ കുവൈറ്റില്‍ നിന്ന് മോഷണം പോയ വസ്തു വകകള്‍ തിരികെ ലഭ്യമാക്കുന്നതിനും,ആവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് യുഎൻ അസ്സിസ്റ്റന്‍സ് മിഷന്‍ ഫോര്‍ ഇറാഖിനോട് കുവൈറ്റ് പ്രതിനിധി ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ഇറാഖ് ഗവണ്മെന്റും, ഐക്യരാഷ്ട്ര സഭയും നടത്തുന്ന എല്ലാ നീക്കങ്ങള്‍ക്കും കുവൈറ്റിന്റെ ഭാഗത്തു നിന്നുള്ള പിന്തുണ അദ്ദേഹം ഉറപ്പു നല്‍കി. ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസും,യുദ്ധത്തടവുകാരുടെ കാര്യത്തില്‍ അന്വേഷണം നടത്തുന്ന ത്രികക്ഷി സമിതിയും നടത്തിയ പരിശ്രമങ്ങളെ കുവൈറ്റ് പ്രതിനിധി പ്രത്യേകം എടുത്തു പറഞ്ഞു.