കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരന്മാര്‍ക്കിടയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. സിവില്‍ സര്‍വീസ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം 13523 പേരാണ് നിലവില്‍ തൊഴിലില്ലാത്തവരായി ഉള്ളത്.
2013 ല്‍ സിവില്‍ സര്‍വീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്വദേശി ഉദ്യോഗാര്‍ഥികളുടെ എണ്ണം 19,218 ആയിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 13523 പേരാണ് നിലവില്‍ തൊഴിലില്ലാത്തവരായി ഉള്ളത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ നിരവധി പേര്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിട്ടും തൊഴിലില്ലായ്മയുടെ തോത് കുറഞ്ഞത് സ്വദേശിവല്‍ക്കരണ നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നത് കൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തൊഴിലില്ലാത്തവരില്‍ 61.95 ശതമാനവും പ്രൈമറി, ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസം മാത്രമുള്ളവരോ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരോ ആണ്.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ ഒരുവിഭാഗം തങ്ങളുടെ പദവിക്കനുസരിച്ച ജോലി ലഭിച്ചില്ല എന്ന കാരണത്താല്‍ സര്‍ക്കാര്‍ നല്‍കിയ ജോലി സ്വീകരിക്കാതിരിക്കുകയും ചെയ്തു. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നവരില്‍ 35 ശതമാനം പേര്‍ സിവില്‍ സര്‍വിസ് കമീഷന്‍ വാഗ്ദാനം ചെയ്ത ജോലി നിരസിച്ചവരാണ്. ചില പ്രത്യേക വകുപ്പുകളിലും തസ്തികളിലും മാത്രം ജോലി ചെയ്യാന്‍ തയ്യാറുള്ളവരാണ് മറ്റൊരു വിഭാഗം. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെ ജോലിക്ക് ക്ഷണിച്ച് സിവില്‍ സര്‍വീസ് കമീഷന്‍ കഴിഞ്ഞ മാസം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
സര്‍വകലാശാല ബിരുദം യോഗ്യതയായുള്ള 2,342 തസ്തികകളാണ് ഒഴിവുള്ളത്. ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 2400 ഒഴിവുകളുണ്ട്. നിലവിലുള്ള ഒഴിവുകള്‍ കൂടി നികത്തപ്പെട്ടാല്‍ തൊഴിലില്ലാത്ത കുവൈറ്റികളുടെ എണ്ണം വളരെ കുറവാകുമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.