കുവൈത്ത് സിറ്റി: ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ താല്‍ക്കാലികമായി അടച്ച് കുവൈറ്റ് സര്‍ക്കാര്‍. കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് ജനുവരി 10 വരെ ദേവാലയങ്ങള്‍ അടച്ചിടുന്നത്. ചര്‍ച്ചുകള്‍ക്കു പുറത്തുള്ള മതപരമായ കൂടിച്ചേരലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ ഇനം കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കുവൈറ്റിന്റെ മുന്‍കരുതല്‍.
ക്രിസ്മസ്-പുതുവല്‍സരാഘോഷങ്ങളോട് അനുബന്ധിച്ച് ചര്‍ച്ചുകളില്‍ നടക്കുന്ന വിവിധ ചടങ്ങുകളില്‍ ആളുകള്‍ കൂട്ടമായി വന്നുചേരാന്‍ സാധ്യതയുണ്ട് എന്നതും പരിഗണനയിലുണ്ട്.
എല്ലാ മേഖലകളിലും മാസ്‌ക്ക് ധാരണം, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ ആരോഗ്യ സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കുവൈത്തില്‍ ഇതിനകം 1.5 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 926 കൊവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ഇവിടെ ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ വാക്സിന്‍ വിതരണം സമ്പൂര്‍ണ വിജയമാണെന്നും വാക്സിനെടുത്ത ആര്‍ക്കും കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.