വിദേശത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പിസിആര്‍ നിര്‍ബന്ധമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: വിദേശത്ത് കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരാണെങ്കിലും കുവൈറ്റിലേക്ക് വരുന്നതിന് പിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്ന് നിര്‍ദേശം. മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലെത്തിയാല്‍ നിര്‍ബന്ധമായും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കുകയും വേണം. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ ആരംഭിച്ച സാഹചര്യത്തിലാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്ത് പ്രവേശിക്കാന്‍ പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ബന്ധമാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ശേഷം കുവൈറ്റിലെത്തുന്ന ആര്‍ക്കും പിസിആര്‍ പരിശോധനയില്‍ ഇളവ് നല്‍കില്ല. കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കാത്ത ആര്‍ക്കും കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കില്ല. കുവൈറ്റ് പൗരനോ വിദേശികള്‍ക്കോ ഒരു തരത്തിലുള്ള ഇളവും ലഭിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേ സമയം വാക്‌സിനേഷന്‍ ആരംഭിച്ചതിന് പിന്നാലെ കൊറോണ വൈറസ് വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിവിധ രാജ്യങ്ങള്‍ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ ആരംഭിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അതിന് അന്താരാഷ്ട്ര ആരോഗ്യ ഏജന്‍സികളും അംഗീകാരവും ഏകീകൃത രൂപവും നല്‍കിയാല്‍ കുത്തിവെപ്പ് എടുത്തവരെ പിസിആര്‍ പരിശോധനയില്‍നിന്ന് ഒഴിവാക്കാനുള്ള സാധ്യതയുണ്ട്.

Top