തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രസ്താവന തികച്ചും അപലപനീയവും ഭാവനാത്മകമാണെന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍.
മാധ്യമ പ്രവര്‍ത്തകര്‍ ആരുടെയും വാടകക്കാരല്ല. മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് അസഹിഷ്ണുതാപരമായ നിലപാട് സ്വീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും കെയുഡബ്ല്യൂജെ കുറ്റപ്പെടുത്തി.
കരിങ്കൊടി കാട്ടിയവരെ തലോടുകയും അതിന്റെ ദൃശ്യം പകര്‍ത്തിയവരെ അവഹേളിക്കുകയും ചെയ്യുന്നത് ശരിയാണോ എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പരിശോധിക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആരോടും ഒരു വിവേചനവും ഇല്ല. എന്നാല്‍ അവഗണിച്ചും പരിഹസിച്ചും എതിരാക്കുക എന്ന നയം സര്‍ക്കാരിനുണ്ടോ എന്ന് സംശയം തോന്നുന്നു. മാധ്യമ പ്രവര്‍ത്തകരെ വാടകക്കാരായി വിശേഷിപ്പിച്ചത് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ.യു.ഡബ്ല്യു.ജെ പ്രസ്തവാനയിലൂടെ അറിയിച്ചു.
കഴിഞ്ഞദിവസം സ്വാശ്രയ മെഡിക്കല്‍ വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുമ്പോഴാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ പരിഹസിച്ചത്. തന്നെ കരിങ്കൊടി കാണിച്ചവര്‍ ചാനലുകാര്‍ വാടകക്കെടുത്തവരാണെന്നായിരുന്നു പിണറായിയുടെ പ്രസ്താവന.