കെവി തോമസ് എത്തിയാല്‍ ബിജെപിക്ക് വലിയ തോതില്‍ ഗുണം ചെയ്യും: എ.എന്‍ രാധാകൃഷ്ണന്‍

കൊച്ചി: വര്‍ഷങ്ങളായി കെ.വി തോമസുമായി മികച്ച സൗഹൃദമുണ്ടെന്ന് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍.

രാജ്യസ്നേഹികള്‍ ബിജെപിയിലേക്ക് എത്തുന്ന സമയമാമെന്നും അങ്ങനെ ഒരു സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനു സമ്മതമുള്ളവരെ ബിജെപി യിലേക്ക് സ്വാഗതം ചെയ്യുമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സമുന്നതനായ നേതാവാണ് കെ വി തോമസ്. എറണാകുളം സീറ്റ് കെ.വി തോമസിന് വാഗ്ദാനം ചെയ്യുമോ എന്ന കാര്യം ചര്‍ച്ച ചെയ്യേണ്ടതാണ്. കെ വി തോമസ് എത്തിയാല്‍ ബിജെപിക്ക് വലിയ തോതില്‍ ഗുണം ചെയ്യും. ബിജെപി അതിനെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ന്നു അടിയുന്ന അവസ്ഥയാണ്, എ എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ വളര്‍ച്ചക്ക് വേണ്ടി എത്തുന്നവരെ സ്വാഗതം ചെയ്യാന്‍ ഏതു സ്ഥാനാര്‍ഥിത്വവും ഉപേക്ഷിക്കാന്‍ തയ്യാറായവര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും എ എന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കെ.വി തോമസിനെ ബിജെപിയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കുവാനാണ് നീക്കം നടക്കുന്നത്. ഇത് സംബന്ധിച്ച് നേതാക്കള്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോം വടക്കന്റെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ നടക്കുന്നത്. എന്നാല്‍ കെ.വി തോമസ് അനുകൂലപ്രതികരണം നല്‍കിയിട്ടില്ല.

Top