കണ്ണൂര്‍: സി പി എം 23ാം പാര്‍ട്ടി സമ്മേളനത്തിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍, പാര്‍ട്ടി വിലക്ക് ലംഘിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണമൊരുക്കി സി പി എം. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും നൂറ് കണക്കിന് പ്രവര്‍ത്തകരും കെ വി തോമസിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. എം വി ജയരാജന്‍ ചുവന്ന ഷാള്‍ അണിയിച്ച് കെ വി തോമസിനെ സ്വീകരിച്ചു.
ഹര്‍ഷാരവത്തോടെയാണ് എം വി ജയരാജനൊപ്പം വിമാനത്താവളത്തിന് പുറത്തെത്തിയ കെ വി തോമസിനെ സി പി എം പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. തനിക്ക് പറയാനുള്ളതെല്ലാം പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ താന്‍ പറയുമെന്ന് കെ വി തോമസ് വ്യക്തമാക്കി. ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാള്‍ ആണെന്ന് നിറത്തെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. വീട്ടില്‍ താമര നട്ടപ്പോള്‍ ബിജെപിയിലേക്ക് പോകുന്നെന്നായിരുന്നു പ്രചാരണം. സുഹൃത്ത് എന്ന നിലയിലാണ് ജയരാജന്‍ ഷാള്‍ അണിയിച്ചതെന്ന് ചുവന്ന ഷാള്‍ സ്ഥിരമാക്കുമോയെന്ന ചോദ്യത്തോട് കെ വി തോമസ് മറുപടി പറഞ്ഞു.