കെ.വി തോമസ് ബിജെപിയിലേയ്ക്കില്ല; നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഷയത്തില്‍ ഇടഞ്ഞു നിന്ന കെ.വി തോമസ് ബിജെപിയിലേയ്ക്കില്ലെന്ന് തീരുമാനിച്ചു. തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നയാണെന്നും പാര്‍ട്ടി താന്‍ വിടില്ലെന്നും പാര്‍ട്ടിയില്‍ തുടരുവാന്‍ തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുമായി കെ.വി തോമസ് ഉടനെ കൂടിക്കാഴ്ച നടത്തും. നാളെ സോണിയ ഗാന്ധിയെയും കാണും.

കെ.വി തോമസിനെ ബിജെപിയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കുവാനാണ് നീക്കമെന്നായിരുന്നു വാര്‍ത്തകള്‍.

കെ.വി.തോമസ് ബിജെപിയിലേയ്ക്ക് പോകുമെന്ന വാര്‍ത്തകള്‍ എത്തിയതിനു പിന്നാലെ ചെന്നിത്തല കെ.വി തോമസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കെത്തിയ ചെന്നിത്തലയോട് കെ.വി തോമസ് ക്ഷോഭിച്ചു. ഒരു ഓഫറും വയ്ക്കേണ്ടെന്നും എന്തിനാണ് ഈ നാടകമെന്നും അദ്ദേഹം ചെന്നിത്തലയോട് ചോദിച്ചിരുന്നു. തോമസിന്റെ ഡല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

എറണാകുളം ലോക്സഭാ സീറ്റില്‍ ഹൈബി ഈഡന്‍ എംഎല്‍എയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സിറ്റിംഗ് എംപികൂടിയായ കെ.വി തോമസ് രംഗത്തെത്തിയിരുന്നു.

Top