പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ എ​റ​ണാ​കു​ള​ത്ത് മ​ത്സ​രി​ക്കാ​മെ​ന്ന് കെ.​വി.​തോ​മ​സ്

കൊച്ചി: പാര്‍ട്ടി പറഞ്ഞാല്‍ എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണെന്ന് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ.വി.തോമസ്. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അതിനൊപ്പം നില്‍ക്കുമെന്നും തോമസ് അറിയിച്ചു. ആരൊക്കെ മത്സരിക്കണമെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തടക്കം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഗ്രൂപ്പടിസ്ഥാനത്തില്‍ നിശ്ചയിക്കരുതെന്നും കെ വി തോമസ് അഭിപ്രായപ്പെട്ടു. മണ്ഡലങ്ങളിലെ ജയസാധ്യത മാത്രമേ പാര്‍ട്ടി പരിഗണിക്കാവൂ. പാര്‍ട്ടി എല്‍പിച്ച ഏതു ദൗത്യവും ആത്മാര്‍ഥതയോടെ പൂര്‍ത്തിയാക്കിയ ചരിത്രമാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നഷ്ടപ്പെട്ടതിലല്ല, അത് ടിവിയിലൂടെ അറിയേണ്ടിവന്നതിലാണ് തന്റെ ദു:ഖം. മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാമെന്ന് താന്‍ നേരത്തെ തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. പകരമായി പാര്‍ട്ടിയില്‍ പദവി വേണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും കെ വി തോമസ് പറഞ്ഞു.

കെപിസിസി ഭാരവാഹിത്വം സംബന്ധിച്ച വിഷയത്തിലും കെ വി തോമസ് പ്രതികരിച്ചു. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എന്നതിനോടാണ് തനിക്കും യോജിപ്പെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top