കൊച്ചി: കോൺഗ്രസ് നേതാക്കൾ അപമാനിച്ചത് കൊണ്ടാണ് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. താൻ കോൺഗ്രസുകാരനായി തുടരും. കോൺഗ്രസുകാരനായിരിക്കാൻ സ്ഥാനമാനങ്ങൾ ആവശ്യമില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നന്മയുള്ളവനാണെന്നും എന്നാൽ അദ്ദേഹത്തിന് ചുറ്റുമുള്ളവർ തിമിംഗലങ്ങളാണെന്നും കെവി തോമസ് തുറന്നടിച്ചു.
തന്റെ പാർലമെന്ററി ജീവിതം അവസാനിച്ചെന്നും കെവി തോമസ് വ്യക്തമാക്കി. അതിനാൽ തന്നെ തൃക്കാക്കര തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യം പ്രസക്തമല്ല. ഇനി ഒരു പാർലമെന്ററി തെരഞ്ഞെടുപ്പിനില്ലെന്ന് വ്യക്തമാക്കിയ മുൻ കേന്ദ്രമന്ത്രി, താനൊരു ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കിൽ തന്നെയാരും തൊടില്ലായിരുന്നുവെന്നും പറഞ്ഞു. തന്നെ പാർട്ടിക്കകത്ത് വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
താൻ ഗ്രൂപ്പിൽ നിന്നു മാറുന്നതാണ് പ്രശ്നം. കേരളത്തിലെ ഗ്രൂപ്പുകൾ ചേർന്ന് തന്നെ വളയുകയാണ്. പിണറായി വിജയനെ കെ റെയിൽ കൊണ്ടു വരുന്നു എന്നത് കൊണ്ട് മാത്രം എതിർക്കരുത്. ന്യൂനതകൾ ചൂണ്ടിക്കാട്ടാം. പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയാണ്. ഒരു സ്ഥാനവും സി പി എം ഓഫർ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കുമെന്ന് പറഞ്ഞത് മുതൽ കെ സുധാകരനടക്കമുള്ളവർ തന്നെ ഗൺപോയിന്റിൽ നിർത്തി. തിരുത തോമയെന്ന് തുടരെ തുടരെ അപമാനിച്ചു. സോഷ്യൽ മീഡിയയിലും അപമാനിച്ചു. താൻ കോൺഗ്രസുകാരനാണ്. സ്ഥാനമാനങ്ങളിൽ നിന്ന് പുറത്താക്കാം. പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാനാവില്ല. നടപടികളെ ഭയക്കുന്നില്ലെന്നും കെവി തോമസ് പറഞ്ഞു.