തൃശ്ശൂർ: പാലക്കാട് കോങ്ങാട് എംഎൽഎ കെ വി വിജയദാസ് അന്തരിച്ചു. തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 7.45-ഓടെയാണ് മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹത്തിന്‍റെ ആരോഗ്യനില തീരെ മോശമായിരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. സിപിഎം സിറ്റി ബ്രാഞ്ച് മെംമ്പറായി പാർട്ടി പ്രവർത്തനം തുടങ്ങിയ അദ്ദേഹം തെനാരി ക്ഷീരോത്പാദകസംഘത്തിന്‍റെ സ്ഥാപക പ്രസിഡന്‍റായിരുന്നു.
ഇടക്കാലത്ത് സിപിഎം ചിറ്റൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. 1990-ൽ സിപിഎം നടത്തിയ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത വിജയദാസ് 13 ദിവസത്തോളം ജയിലിൽ കിടന്നിരുന്നു. 28-ാം വയസ്സിൽ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെടുന്നതോടെയാണ് വിജയദാസിന്‍റെ പാർലമെന്‍ററി ജീവിതം ആരംഭിക്കുന്നത്. 1996-ൽ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 2011-ലാണ് കോങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും വിജയദാസ് ആദ്യമായി നിയമസഭയിലേക്ക് ജയിക്കുന്നത്.