കളക്ടര്‍ അനുപമ കേരളത്തിലല്ലേ ജീവിക്കുന്നത് ? നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനുമടക്കം അസുഖം വന്നാല്‍ ചികിത്സിക്കാന്‍ ചുമതലപ്പെട്ട നഴ്‌സുമാരാണ് 157 ദിവസമായി നീതി തേടി ദേശീയപാതക്കരികെ സമരം നടത്തി വരുന്നത്.
ഇവരുടെ സമര പന്തല്‍ പൊളിക്കാന്‍ ഉത്തരവിട്ട താങ്കള്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ? ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ധൃതി പിടിച്ച ഈ നടപടി ?
ഈ ചോദ്യങ്ങള്‍ക്ക് അനുപമ മറുപടി പറഞ്ഞേ പറ്റൂ. ദേശീയപാതയുടെ ഉള്‍പ്പെടെ സര്‍ക്കാറിന്റെ നിരവധി സ്ഥലങ്ങള്‍ കയ്യേറിയ നിരവധി പേര്‍ ഇവിടെയുണ്ട്. അവരെ കണ്ടെത്തി ഒഴിപ്പിച്ചിട്ട് മതി നഴ്‌സുമാരുടെ സമരപന്തല്‍ പൊളിക്കല്‍.
ഇത് സമരങ്ങളുടെ നാടാണ്. ഇവിടെ നാം നേടിയ നേട്ടങ്ങള്‍ എല്ലാം ആരും ഔദാര്യമായി നല്‍കിയതല്ല പടപൊരുതിയും ചോര ചിന്തിയും ജീവന്‍ വെടിഞ്ഞും നേടിയെടുത്തതാണ്.
കെ.വി.എം ആശുപത്രിയിലെ സമരം തീര്‍ക്കാന്‍ ജില്ലാ കളക്ടറില്‍ നിക്ഷിപ്തമായ അധികാരം കര്‍ശനമായി നടപ്പാക്കുകയാണ് താങ്കള്‍ ആദ്യം ചെയ്യേണ്ടത്. അല്ലാതെ ആശുപത്രി മാനേജ്‌മെന്റിനെ സഹായിക്കാന്‍ വഴി ഒരുക്കുന്ന നടപടി സ്വീകരിക്കുകയല്ല വേണ്ടത്.
773 ദിവസം നീണ്ട് നില്‍ക്കുന്ന അനിശ്ചിതകാല സമരം ഇപ്പോഴും സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന ശ്രീജിത്തിനെ ഓടിക്കാന്‍ അവിടെ ഒരു കളക്ടറും വന്നിട്ടില്ല. മറിച്ച് ഭരണകൂടവും ജനങ്ങളും ആ ചെറുപ്പക്കാരന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇവിടെ സമരപന്തല്‍ പൊളിക്കുക എന്നത് കൊണ്ട് കളക്ടര്‍ ഉദ്ദേശിക്കുന്നത് സമരത്തെ തന്നെ പൊളിക്കുക എന്നതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
“ഒരു ഓട്ടോറിക്ഷയില്‍” കയറാന്‍ പോലും ആളില്ലാത്ത പാര്‍ട്ടിയുടെ നേതാവായ തോമസ് ചാണ്ടിയോട് ‘എതിരിട്ടത്’ പോലെയാവില്ല പതിനായിരങ്ങളെ നിമിഷ നേരം കൊണ്ട് തെരുവില്‍ ഇറക്കാന്‍ ശേഷിയുള്ള നഴ്‌സിങ്ങ് സംഘടനയോട് ഏറ്റുമുട്ടുമ്പോള്‍ എന്നത് ഓര്‍ക്കുക.
ചാണ്ടിയുടെ വിഷയത്തില്‍ കേരളീയ മനഃസാക്ഷി നിങ്ങള്‍ക്കൊപ്പം ആയിരുന്നു. എന്നാല്‍ നഴ്‌സുമാരുടെ സമരത്തില്‍ നീതിയും ജനകീയ പിന്തുണയും ഈ പാവങ്ങള്‍ക്കൊപ്പം തന്നെയാണ് എന്നത് തിരിച്ചറിയുക. ചേര്‍ത്തലയില്‍ മാത്രമായി ഒതുങ്ങിയ സമരത്തിന്റെ തീ നാളം സംസ്ഥാന വ്യാപകമായി ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസ്ഥയിലേക്ക് നഴ്‌സിങ്ങ് സംഘടനയായ യു.എന്‍.എയെ തള്ളിവിട്ടതില്‍ ആലപ്പുഴ ജില്ലാ ഭരണകൂടത്തിന് വലിയ ഉത്തരവാദിത്വമുണ്ട്.
ഇനി പൊതുമരാമത്ത് മന്ത്രി ജി.സുധാകരനോട് . .
താങ്കള്‍, അറിയാതെയാണ് താങ്കളുടെ സ്വന്തം ജില്ലയില്‍ താങ്കളുടെ സ്വന്തം വകുപ്പിലെ ഉദ്യാഗസ്ഥര്‍ പന്തല്‍ പൊളിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് ദയവുചെയ്ത് ഇനി പറയരുത്. എന്തിന്റെ പേരിലാണെങ്കിലും കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണെങ്കിലും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തത് നെറികേടാണ്.
നിയമം നഴ്‌സുമാരുടെ സമരത്തിനു മാത്രമല്ല, എല്ലാ സമരങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും ബാധകമാക്കണം. അതല്ലേ സഖാവെ അതിന്റെ ഒരു ശരി ? ഇവിടെ ആരുടെയെങ്കിലും സ്ഥലം പാട്ടത്തിന് എടുത്തിട്ടാണോ താങ്കള്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമടക്കമുള്ളവ ഇതുവരെ സമരം ചെയ്തത് ? അങ്ങനെയൊരു കാര്യം സമരങ്ങളുടെ നാടായ കേരളത്തില്‍ ചിന്തിക്കാന്‍ പറ്റുമോ ?
ഇന്ന് താങ്കള്‍ ഒരു മന്ത്രിയാണ് എന്നാല്‍ നാളെ അങ്ങനെയാവണമെന്നില്ല. ചിലപ്പോള്‍ നഴ്‌സുമാര്‍ ഇരിക്കുന്നതു പോലെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ അങ്ങേക്കും ഇതുപോലെ പന്തല്‍ കെട്ടി ദേശീയപാതക്കരികില്‍ സമരം ചെയ്യേണ്ടി വരും എന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്.
ഒരു ബൂര്‍ഷ്യാ പാര്‍ട്ടി നേതാവ് ഇത്തരത്തില്‍ ചിന്തിച്ചാല്‍ ഇക്കാര്യം ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തില്ല. പക്ഷേ തൊഴിലാളി പാര്‍ട്ടിയുടെ അമരത്ത് നിന്നും മന്ത്രിയായ താങ്കളില്‍ നിന്നും ക്രിയാത്മകമായ ഇടപെടലാണ് പ്രതീക്ഷിക്കുന്നത്.
കഷ്ടപ്പെട്ടും പലിശക്ക് പണം എടുത്തും ലോണ്‍ എടുത്തുമെല്ലാം തങ്ങളെ പഠിപ്പിച്ച മാതാപിതാക്കള്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കാന്‍ വേണ്ടിയാണ് നഴ്‌സുമാരുടെ സമരം. അല്ലാതെ വിനോദയാത്ര നടത്താനും അടിച്ച് പൊളിക്കാനുമല്ല . .
2013 ലെ മിനിമം വേജസ് നടപ്പാക്കണമെന്ന തികച്ചും ന്യായമായ അവരുടെ ആവശ്യം തള്ളി പറയാന്‍ മന:സാക്ഷിയുള്ള ആര്‍ക്കും കഴിയില്ല. 2017 നവംബര്‍ 16ന് പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപന പ്രകാരം 30,000 രൂപയോളം സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്ക് ലഭിക്കേണ്ടതാണ്.
ഈ തുക ആവശ്യപ്പെട്ടല്ല മറിച്ച് 2013-ലെ മിനിമം വേജസ് മാത്രം ആവശ്യപ്പെട്ടാണ് കെ.വി.എം ഹോസ്പിറ്റലിലെ നഴ്‌സുമാരുടെ സമരം എന്നത് ബഹുമാനപ്പെട്ട മന്ത്രി ഓര്‍ക്കണം. 7000 രൂപ ശമ്പളം കൊണ്ട് ഒരു നഴ്‌സിന് എങ്ങനെ കുടുംബം പോറ്റാന്‍ പറ്റും സഖാവെ ?
അശാസ്ത്രീയമായ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തി നഴ്‌സുമാരെ നരകിപ്പിക്കുന്നിടത്താണ് ഈ വിവേചനവും അരങ്ങേറുന്നത്. ഈ നെറികേട് ചോദ്യം ചെയ്ത് സമാധാനപരമായി സമരം ചെയ്താല്‍ അതിന് പ്രതികാരമായി ഭരണകൂടത്തെ സ്വാധീനിച്ച് ‘പന്തല്‍പ്പൊളിക്കുമല്ലേ…കഷ്ടം!
അധികൃതരുടെ ഈ നടപടി ചേര്‍ത്തലയില്‍ നിന്ന് ഭരണ സിരാ കേന്ദ്രമായ തിരുവനന്തപുരത്തേക്കുള്ള ദൂരമാണ് ഇല്ലാതാക്കുക ‘ എന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ പ്രതികരണം സംസ്ഥാന വ്യാപകമായി വീണ്ടുമൊരു നഴ്‌സിങ്ങ് സമരം അനിവാര്യമാക്കുന്നതാണ്.
തൊഴില്‍ മന്ത്രി വിളിച്ചു ചേര്‍ത്ത ഫ്രെബുവരി ഒന്നിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ അത് വലിയ പ്രത്യാഘാതത്തിനു തന്നെ ഇടയാക്കും. നിരവധി രോഗികളുടെ ജീവന്‍ പോലും അപകടത്തിലാക്കാവുന്ന സാഹചര്യം ഒഴിവാക്കാന്‍ അടിയന്തരമായി വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച ഒരിക്കലും പ്രഹസനമാകരുത്.
മാന്യമായ ശമ്പളം നഴ്‌സുമാര്‍ക്ക് നല്‍കാന്‍ രാജ്യത്ത് ആദ്യമായി തീരുമാനമെടുത്ത സര്‍ക്കാര്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ ഉടനെതന്നെ ശക്തമായ ഇടപെടല്‍ നടത്തുവാന്‍ മുഖ്യമന്ത്രി തയാറാകണം.
Team Express Kerala