കോടികള്‍ നല്‍കി വരുണിനെ സ്വന്തമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രീതി സിന്റ

ടുത്തിടെ നടന്ന ഐപിഎല്‍ താരലേലത്തില്‍ വില കൊണ്ട് ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരമാണ് തമിഴ്‌നാട് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. അഭ്യന്തര ക്രിക്കറ്റില്‍പ്പോലും അത്രയധികം പരിചയസമ്പത്തില്ലാത്ത വരുണിനെ 8.4 കോടി രൂപ മുടക്കി കിംഗ്‌സ് ഇലവന്‍പഞ്ചാബ് സ്വന്തമാക്കിയത് ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. എന്തിനാണ് കിംഗ്‌സ് ഇലവന്‍ അങ്ങനെ ഒരു നീക്കം നടത്തി എന്ന ചോദ്യം ആ സമയത്ത് പല കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു.

ഇപ്പോള്‍ ഇതാ അതിന് പിന്നിലെ കാരണം വ്യക്തമാക്കി കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ സഹ ഉടമയായ പ്രീതി സിന്റ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘ വരുണ്‍ അങ്ങനെ അധികമാരും അറിയുന്ന ബോളറല്ല. അദ്ദേഹമൊരു നിഗൂഡ സ്പിന്നറാണ്. ഒരു ബാക്കപ്പ് സ്പിന്നറായി ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന താരവും. അധികം ഉപയോഗിക്കപ്പെടാത്ത പ്രതിഭകള്‍ക്ക് അവസരം നല്‍കാന്‍ മുന്‍ കൈയ്യെടുക്കുന്ന ടീമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. വരുണ്‍ ഞങ്ങളുടെ ദീര്‍ഘകാല പദ്ധതികളിലുള്ള താരമാണ്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പരിശീലകന്‍ മൈക് ഹെസണിന്റെ സഹായം കൂടി ലഭിക്കുന്നതോടെ വരുണ്‍ കൂടുതല്‍ അപകടകാരിയാകും.’ -പ്രീതി സിന്റ പറഞ്ഞു

Top