പാരീസ്: കിലിയന്‍ എംബാപ്പെയെ വില്‍ക്കാന്‍ ശ്രമം തുടരുമ്പോഴും താരത്തെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് പി.എസ്.ജി. ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും പി.എസ്.ജിയുടെ പ്രീസീസണ്‍ യാത്രയിലും എംബാപ്പെയെ ഉള്‍പ്പെടുത്തിയിരുന്നില്ല.
പ്രീസീസണ്‍ പര്യടനത്തിന് ശേഷം തിങ്കളാഴ്ച പി.എസ്.ജി പരിശീലനം പുനരാരംഭിക്കുകയാണ്. എന്നാല്‍ എംബാപ്പെ ലൂയിസ് എന്റിക്വെയുടെ ആദ്യ ടീമിന്റെ ഭാഗമാകില്ല. അടുത്ത ആഴ്ച നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിലും എംബാപ്പെ ഉണ്ടാകില്ല. എത്രയും പെട്ടെന്ന് കരാര്‍ പുതുക്കാന്‍ തീരുമാനിക്കുകയോ അടുത്ത ക്ലബ് കണ്ടുപിടിക്കുകയോ വേണമെന്നാണ് എംബാപ്പെയോട് പി.എസ്.ജി ആവശ്യപ്പെട്ടിരിക്കുന്നത്.