ബിഷ്‌കെക്: കിര്‍ഗിസ്ഥാന്റെ പുതിയ പ്രസിഡന്റായി സൂറണ്‍ബെയ് ജീന്‍ബെകോവ് തെരഞ്ഞെടുക്കപ്പെട്ടു.
കിര്‍ഗിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രിയാണ് ജീന്‍ബെകോവ്. ചരിത്രപരമായ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്ന അല്‍മാസബേക്ക് ആതംബായേവിന്റെ പിന്തുണയോടെ മത്സരിച്ച ജീന്‍ബെകോവ് പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് വിജയിച്ചത്.
1991-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ രൂപംകൊണ്ട കിര്‍ഗിസ്ഥാനില്‍ നടന്ന സമാധാനപരമായ ആദ്യ അധികാര കൈമാറ്റമായിരുന്നു ഇത്.
രാജ്യത്തെ ആദ്യ രണ്ടു പ്രസിഡന്റുമാരെയും കലാപത്തിലൂടെ പുറത്താക്കുകയായിരുന്നു. കലാപ സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പിന് കര്‍ശന സുരക്ഷ ഒരുക്കിയിരുന്നു.
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ജീന്‍ബെകോവ് 50 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്.
അതേസമയം, പ്രധാന എതിരാളിയായ സോഷ്യലിസ്റ്റ് അതാമെക്കന്‍ പാര്‍ട്ടി തലവനും മുന്‍ പ്രധാനമന്ത്രിയുമായ ഒമുര്‍ബെക് തെകെബയേവിന് 33 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. 12 സ്ഥാനാര്‍ഥികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ മുപ്പത് ലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി.
2010-ല്‍ കിര്‍ഗിസ്ഥാനിലെ പ്രസിഡന്റിന്റെ പരമാവധി കാലാവധി ആറു വര്‍ഷമായി പരിമിതപ്പെടുത്തിയിരുന്നു. ഭരണഘടനപ്രകാരം പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷം വീണ്ടും മത്സരിക്കാന്‍ സാധിക്കില്ല. ഭരണഘടനാ ഭേദഗതിക്കായി ആതംബായേവ് നീക്കം നടത്തിയെങ്കിലും തെകെബയേവ് അടക്കമുള്ളവര്‍ അതിന് തടയിടുകയായിരുന്നു.