ഓപ്പറേഷന് ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഇരുചിത്രങ്ങളും വലിയ വിജയങ്ങളുമായിരുന്നു. ഇപ്പോഴിതാ തരുണിന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന വാര്‍ത്തകളാണ് വരുന്നത്. തരുണ്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
തരുണിന്റെ ഈ പ്രഖ്യാപനം സിനിമാപ്രേമികളെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. ‘പ്രതീക്ഷകള്‍ വാനോളം’, ‘കാത്തിരുന്ന നിമിഷം’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.
‘എല്‍’ ലോഡിങ് എന്ന കുറിപ്പോടെയാണ് പുതിയ സിനിമയുടെ പോസ്റ്റര്‍ തരുണ്‍ മൂര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ 360മത്തെ സിനിമ കൂടിയാണിത്. ‘L 360’ എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല.