ലോക്ഡൗണിനു ശേഷം സ്പാനിഷ് ലാ ലിഗ ഫുട്‌ബോള്‍ 12ന് പുനരാരംഭിക്കുമ്പോള്‍ ഒട്ടേറെ പുതുമകളാണ് ആരാധകരെ കാത്തിരിക്കുന്നത്. നിറഞ്ഞു കവിഞ്ഞ ‘വെര്‍ച്വല്‍ ഗാലറി’യും ആരവം നിറഞ്ഞ ‘ഫാന്‍ ഓഡിയോ’യുമാകും ലോകമെങ്ങും ടിവിയില്‍ കളി കാണുന്ന ആരാധകരെ അമ്പരപ്പിക്കുക.
ജൂണ്‍ 12ന് സെവിയ്യറയല്‍ ബെറ്റിസ് മത്സരത്തോടെയാണ് ലീഗിന്റെ ‘രണ്ടാം ഘട്ടത്തിന്’ തുടക്കം. സ്റ്റേഡിയത്തില്‍ ‘ആരവം’ നിറയ്ക്കാന്‍ ഫിഫ വീഡിയോ ഗെയിമിന്റെ സ്രഷ്ടാക്കളായ ഇഎ സ്‌പോര്‍ട്‌സുമായിട്ടാണ് ലാ ലിഗ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ‘സൗണ്ട്‌സ് ഓഫ് ദ് സ്റ്റാന്‍ഡ്‌സ്’ എന്നു പേരിട്ട പ്രൊജക്ടില്‍ ഇഎയുടെ ഓഡിയോ ലൈബ്രറി ആണ് ഉപയോഗപ്പെടുത്തുക.
ഇത് മത്സരത്തിലെ ഓരോ നിമിഷത്തിനും ഉചിതമായ രീതിയില്‍ ഈ സംവിധാനം ശബ്ദം നല്‍കും.
ഗാലറിയില്‍ ‘ആരാധകരെ നിറയ്ക്കാന്‍’ നോര്‍വീജിയന്‍ കമ്പനിയായ വിസര്‍ട്ടാണ് ലാ ലിഗയുമായി സഹകരിക്കുന്നത്.ഹോം ടീമിന്റെ ജഴ്‌സിയണിഞ്ഞ ആരാധകര്‍ സീറ്റുകളില്‍ നിരന്നിരിക്കുന്നതാവും ടിവി പ്രേക്ഷകര്‍ കാണുക. മത്സരം നിര്‍ത്തിവയ്ക്കുന്ന വേളയില്‍ ഈ ചിത്രങ്ങള്‍ ഒരു കാന്‍വാസ് ആയി മാറി അതില്‍ സന്ദേശങ്ങള്‍ തെളിയും.