കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. ഹൈക്കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസമാണ് മെമ്മറി കാർഡ് തിരുവനന്തപുരം ഫോറൻസിക് ലാബിൽ എത്തിച്ചത്. കോടതിയുടെ കസ്റ്റഡിയിലുള്ള കാർഡിലെ ദൃശ്യങ്ങൾ പുറത്തുപോയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കേസിൽ നിർണായക വഴിത്തിരിവാകും.
മെമ്മറി കാർഡിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. 2020 ജനുവരി 29ന് കേന്ദ്ര ഫോറൻസിക് ലാബ് നൽകിയ റിപ്പോർട്ടും കേസിലെ തുടരന്വേഷണത്തിന് ഇടയാക്കിയ വെളിപ്പെടുത്തലുമാണ് പ്രോസിക്യൂഷന്റെ സംശയം ബലപ്പെടുത്തിയത്. മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടർന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.