ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തും, കരാറുകാര്‍ ലേബര്‍ ഓഫിസില്‍ നിന്ന് ലൈസന്‍സ് എടുക്കണം; വി ശിവന്‍കുട്ടി

തിരുവനന്തപുരം: ആലുവയില്‍ അഞ്ചുവയസുകാരിയുടെ കൊലപാതകം മനസാക്ഷിയുള്ള ഒരു മനുഷ്യനും അംഗീകരിക്കാന്‍ പറ്റാത്തതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഭാവിയില്‍ ഇനി ഇത് മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. കേരളം അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിരക്ഷ ദൗര്‍ബല്യമായി കാണരുത്. കര്‍ശന നിലപാടിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളികളെ കൊണ്ട് വരുന്ന കരാറുകാര്‍ ലേബര്‍ ഓഫിസില്‍ നിന്ന് ലൈസന്‍സ് എടുത്തിരിക്കണം. പുതുതായി ആരംഭിക്കുന്ന ആപ്പില്‍ അതിഥി തൊഴിലാളിയുടെ മുഴുവന്‍ വ്യക്തി വിവരങ്ങളും രേഖപ്പെടുത്തും. ക്യാമ്പുകളില്‍ ലേബര്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നും ഐ ഡി കാര്‍ഡുകള്‍ പരിശോധിക്കും. പൊലീസിന്റെ കൂടി സഹായം തേടും. നിയമ നിര്‍മാണം കൊണ്ടു വരും. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കേരളത്തില്‍ എത്തുന്നത് തടയുന്ന തരത്തില്‍ നിയമനിര്‍മാണം നടപ്പിലാകും. കൊടും ക്രൂരതകള്‍ കാണിക്കുന്നവര്‍ കേരളത്തില്‍ എത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അതിഥി തൊഴിലാളികളുടെ കണക്ക് 5, 16,0350, എന്നാല്‍ ഈ കണക്ക് പൂര്‍ണമല്ല. അതിഥി തൊഴിലാളികള്‍ വന്നും പോയും നില്‍ക്കുന്നവരാണ്.ഒരു മാസത്തിനുള്ളില്‍ കണക്കില്‍ കൃത്യത വരുത്തും.ലേബര്‍ ഓഫിസര്‍മാരെ രംഗത്തിറക്കും.ലേബര്‍ ഓഫിസര്‍മാരുമായി ഇന്ന് മന്ത്രി ചര്‍ച്ച നടത്തുംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ കുട്ടികളുടെ സുരക്ഷിതത്വം സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നുണ്ട്. ഇത്തരം ഒരു സംഭവം കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂട്ടായ പരിശ്രമം വേണം. കടുത്ത മുന്‍കരുതല്‍ നടത്താം, പൊലീസ് വീഴ്ച്ചയെന്ന പ്രതിപക്ഷ ആരോപണം ശരിയല്ല, വിഷമം കൊണ്ട് കേരളം കത്തി കൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. പൊലീസ് കൃത്യമായി നടപടി എടുത്തു. പ്രതിയെ പിടികൂടി, രാഷട്രീയ ദുഷ്ടലാക്കോടെയുള്ള പ്രചരണം തരംതാണ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

Top